Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയശേഷം മാനസിക സംഘർഷം അനുഭവിക്കുന്നുവോ; ആശ്വാസമേകാൻ വനിത മാസിക

Vanitha Helpline Panel

കോട്ടയം∙ പ്രളയശേഷം കടുത്ത മാനസിക പ്രശ്നങ്ങളിലേക്കു വീണുപോയവർക്ക് മാനസിക ചികിൽസ സഹായം നൽകാൻ വനിത മാസിക. പ്രമുഖരായ മനശാസ്ത്രജ്ഞന്മാരുടെ സേവനം വനിത ഇത്തരക്കാർക്കായി ഒരുക്കുന്നു. ഇന്നു മുതൽ 21 വരെ ഫോണിൽ ഡോക്ടർമാരോട് സംസാരിക്കാനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും സാധിക്കും. വനിത ഹെൽപ് ലൈന്‍ നമ്പറുകൾ: 98953 99205, 73566 09852. ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയാണു വിളിക്കേണ്ടത്.

പ്രധാനമായും നാലു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളാണു മഹാദുരന്തശേഷം അനുഭവിക്കുക. അവ തിരിച്ചറിഞ്ഞ് ചികിൽസ നേടുകയാണു വേണ്ടത്. നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ തിരിച്ചറിയാൻ താഴെപ്പറഞ്ഞവ വായിക്കുക.

∙ ദുരന്താനുഭവത്തിന്റെ ആവർത്തനം

പ്രളയത്തെക്കുറിച്ച് മനസ്സിൽ തറച്ചു കയറി നിൽക്കുന്ന ഓർമകളിലൂടെയും ഭയാനക സ്വപ്നങ്ങളിലൂടെയും ദുരന്താനുഭവം ആവർത്തിച്ച് അനുഭവപ്പെടുന്നവരുണ്ട്. അവർക്കു മനഃശാസ്ത്ര ചികിത്സാ സഹായം അത്യാവശ്യമാണ്.

∙ ഒഴിഞ്ഞുമാറലും മരവിപ്പും മറവിയും

പ്രളയത്തെ ഓർമിപ്പിക്കുന്ന വ്യക്തികളെയോ സ്ഥലത്തെയോ കാണാൻ ഇഷ്ടമില്ലാതെ ഒഴിഞ്ഞുമാറാനുള്ള പ്രവണത മാനസിക പ്രശ്നത്തിെന്റ സൂചനയാണ്. അനുഭവിച്ച ദുരന്താനുഭവങ്ങളുടെ വിശദാംശങ്ങൾ മറന്നു പോകുന്നതാണ് മറ്റൊരു ലക്ഷണം. ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, വൈകാരിക മരവിപ്പ്, ഭാവിയെക്കുറിച്ച് പ്രതീക്ഷ ഇല്ലായ്മ ഇവയും കാണാം.

∙ ഉറക്കമില്ലായ്മയും അമിത പ്രതികരണവും

ഉറക്കത്തിനു സാരമായ തകരാർ ഉണ്ടാകുന്ന അവസ്ഥ. ഹൈപ്പർ വിജിലൻസ് എന്ന അവസ്ഥ രൂപംകൊള്ളുന്നതിനാൽ വിശ്രാന്തി അനുഭവിക്കാതെ സദാ ജാഗരൂകമാകും മനസ്സ്. ചെറിയൊരു ശബ്ദം കേട്ടാലും ഞെട്ടാം. അകാരണമായ ദേഷ്യവും പൊട്ടിത്തെറിയും സ്വയം പരുക്കേൽപ്പിക്കാനുള്ള പ്രവണത, അപകടകരമായ കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യവും ഇവയും മാനസിക പ്രശ്ന സൂചനകളാണ്.

∙ ഭാവമാറ്റങ്ങൾ (മൂഡ് മാറ്റം)

ഒറ്റപ്പെട്ടുപോയ തോന്നൽ, ഒരു കാര്യവും ഏകാഗ്രതയോടെ ചെയ്യാനാകാത്ത അവസ്ഥ, ഓർമക്കുറവ്, വിഷാദം, പ്രതീക്ഷ ഇല്ലായ്മ. ആരിലും വിശ്വാസമില്ലായ്മ, ചതിക്കുമെന്ന ഭയം, കുറ്റബോധം, സ്വയം കുറ്റപ്പെടുത്തൽ, തുടങ്ങിയ മാറ്റങ്ങൾ കണ്ടാൽ മനഃശാസ്ത്ര സഹായം തേടണം. വിഷാദം, ഉത്കണ്ഠ രോഗങ്ങൾ നേരത്തെ ഉണ്ടായിരുന്നവർക്ക് ഈ അവസ്ഥ കൂടുതൽ തീവ്രമായി മാറിയേക്കാം. ആത്മഹത്യയെക്കുറിച്ച് പറയുന്നവരെ മനഃശാസ്ത്ര വിദഗ്ധരെ കാണിക്കണം.

ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ഒാട്ടത്തിനിടയിൽ കുട്ടികൾ അവഗണിക്കപ്പെട്ടേക്കാം. അച്ഛനമ്മമാരിൽ നിന്നു അകന്നു നിൽക്കാനുള്ള ഭയം, ഉറക്കത്തിൽ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ട് നിലവിളിക്കുകയോ ഞെട്ടി ഉണരുകയോ ചെയ്യുക, ഇരുട്ട്, വെള്ളം എന്നിവയോടുള്ള പേടി പുതിയതായി ഉണ്ടാകുക, പ്രത്യേക കാരണം കൂടാതെയുള്ള ശരീരവേദനകൾ... ഇവയെല്ലാം കുട്ടികളിലെ മാനസിക ആഘാതത്തിന്റെ ലക്ഷണങ്ങളാകാം.

related stories