Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റിൽ എല്ലാം പറഞ്ഞിട്ടുണ്ട്: റഫാൽ വിഷയത്തിൽ പ്രതിരോധമന്ത്രി

nirmala-sitharaman നിർമല സീതാരാമൻ

ന്യൂഡൽഹി ∙ റഫാൽ ഇടപാടിൽ മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ വിമർശനങ്ങൾക്കു മറുപടിയുമായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. റഫാലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ടെന്നു നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 126 നു പകരം 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്നാണു മുൻ പ്രതിരോധ മന്ത്രിയായ എ.കെ.ആന്റണി ആരോപിച്ചത്.

‘എ.കെ.ആന്റണി മുതിർന്ന നേതാവാണ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിലപേശലുകളെപ്പറ്റി അദ്ദേഹത്തിനു ധാരണയുണ്ട്. യുദ്ധവിമാനത്തിന്റെ വില പാർലമെന്റിനെ ഞങ്ങൾ അറിയിച്ചതാണ്. 126 വിമാനങ്ങൾ വാങ്ങാനിരുന്നതിനെക്കുറിച്ച് ആന്റണി നടത്തിയ പരാമർശങ്ങൾ തെറ്റാണ്. കരാറിൽ ഉറപ്പുണ്ടായിരുന്നെങ്കിൽ യുപിഎ സർക്കാരിനു മുന്നോട്ടു പോകാമായിരുന്നില്ലേ? നിർമാണ കമ്പനിയായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) തിരഞ്ഞെടുക്കേണ്ടെന്നതു യുപിഎയുടെ തീരുമാനമായിരുന്നു’– മന്ത്രി വ്യക്തമാക്കി.

റഫാൽ കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല. 2015 ഏപ്രിലിൽ ഫ്രാൻസിൽ പോയ അദ്ദേഹം അവിടെ ഇടപാടു സംബന്ധിച്ചു പ്രാഥമിക ചർച്ചകൾ മാത്രമാണു നടത്തിയത്. സുരക്ഷാകാര്യ മന്ത്രിതല സമിതി വിശദമായി പരിശോധിച്ച ശേഷം 2016 സെപ്റ്റംബറിൽ മാത്രമാണു കരാർ ഒപ്പിട്ടത്. റഫാൽ യുദ്ധവിമാനത്തിനായി കരാർ പോലും ഒപ്പിടാൻ കഴിയാത്ത യുപിഎ സർക്കാർ ഇപ്പോൾ ബിജെപിയെ കുറ്റം പറയുന്നത് എന്തിനാണ്? യുപിഎ തീരുമാനിച്ചതിലും ഒൻപതു ശതമാനം വിലക്കുറവിലാണു യുദ്ധവിമാനങ്ങൾക്കായി ഈ സർക്കാർ കരാർ ഉറപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്–400 ട്രയംഫ് വാങ്ങുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനത്തിനു മുൻപ് കരാറിൽ ഒപ്പിടാനാണു ശ്രമം. സൈനികരുടെ മനോവീര്യം കെടുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജോത് സിങ് സിദ്ദു പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ പോയതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. എന്നാൽ, പാക്ക് സൈനിക മേധാവിയെ സിദ്ദു ആലിംഗനം ചെയ്തത് ഒഴിവാക്കേണ്ടിയിരുന്നെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.