Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലം പ്രയോഗിച്ചു പീഡനമെന്ന് മൊഴിയിൽ ആരോപണമില്ല: ബിഷപ്പിന്റെ ഹര്‍ജി 25ന് പരിഗണിക്കും

Bishop Franco Mulakkal ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

കൊച്ചി∙ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈമാസം 25ന് പരിഗണിക്കും. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സർക്കാരിനുവേണ്ടി ഹാജരാകുന്നത്. ഇന്നു തന്നെ ഹര്‍ജി പരിഗണിക്കണമെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുംവരെ അറസ്റ്റ് വിലക്കണമെന്നും ബിഷപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മിഷനറീസ് ഓഫ് ജീസസിലെ പടലപ്പിണക്കങ്ങളാണു പരാതിക്കു കാരണമെന്നും ബിഷപ്പ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കന്യാസ്ത്രീ പൊലീസിനു നൽകിയ ആദ്യ മൊഴിയിൽ ബലം പ്രയോഗിച്ചു പീഡിപ്പിച്ചതായി ആരോപണമില്ല. കന്യാസ്ത്രീക്കെതിരായ പരാതികളിൽ നടപടിയെടുത്തതിലുള്ള പകപോക്കലാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. 19നു ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്തു തടങ്കലില്‍ വയ്ക്കാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായാണ് ഹർജിയെന്നും ബിഷപ്പ് പറയുന്നു.

അതേസമയം, പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിഷപ് ഇന്നു കേരളത്തിലെത്തും. നാളെയാണ് ചോദ്യം ചെയ്യൽ. രൂപത പിആർഒയും അടുത്ത അനുയായിയുമായ ഫാദർ പീറ്റർ കാവുംപുറത്തിനൊപ്പം ബിഷപ് ജലന്തറില്‍നിന്നു തിരിച്ചെന്നാണു സൂചന.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാം തവണയാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ജലന്തറിലെത്തിയാണു ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ബിഷപ്പിന്‍റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി. എന്നാല്‍ ഇത്തവണ സ്ഥിതി ബിഷപ്പിന് അനുകൂലമല്ല. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയല്ലെങ്കില്‍ ബിഷപ്പിന്‍റെ അറസ്റ്റിലേക്കു കാര്യങ്ങൾ നീങ്ങുമെന്നാണ് വിലയിരുത്തൽ.

നല്‍കിയ മൊഴികള്‍ പരിശോധിക്കാന്‍ സമാന്തര അന്വേഷണവും നടക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും വരെ ബിഷപ്പിനു ജലന്തറിലേക്കു മടങ്ങാനാകില്ല. വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്‍റെ നേതൃത്വത്തിൽ അ‍ഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തിൽ ചോദ്യം ചെയ്യും. ബിഷപ്പിന്റെ യാത്രാ വിവരം അറിയിക്കണമെന്നു പൊലീസ് ജലന്തർ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പൊലീസ് സംരക്ഷണത്തിലോ പൊലീസ് വാഹനത്തിലോ ആയിരിക്കും ബിഷപ്പ് വൈക്കം ഡിവൈഎസ്പി ഓഫിസിൽ എത്തുക. തുടർന്ന് ഏറ്റുമാനൂർ ഹൈടെക് പൊലീസ് സറ്റേഷന്‍, കോട്ടയം പൊലീസ് ക്ലബ് എന്നിവിടങ്ങളിൽ ചോദ്യം ചെയ്യൽ നടത്തും.

സുരക്ഷാ കാരണങ്ങളാൽ വൈക്കം ഡിവൈഎസ്പി ഓഫിസിൽ ചോദ്യം ചെയ്യൽ നടക്കാനിടയില്ല. ബിഷപ്പിന്‍റെ സഹായികളായ ജലന്തർ രൂപതയിലെ വൈദികർ അടങ്ങുന്ന സംഘം ഇന്നലെ കോട്ടയത്ത് എത്തി. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമവിദഗ്ധരുമായി ഇവർ ചർച്ച നടത്തി. ഇന്ന് ഉച്ചയോടെ കൂടുതൽ പൊലീസ് സേനയും ജില്ലയിൽ എത്തും. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിനും സുരക്ഷ ശക്തമാക്കി.

ഇതിനിടെ, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരം 11–ാം ദിവസത്തിലേക്കു കടന്നു. കന്യാസ്ത്രീകൾക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്‌ഷനിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി, സാമൂഹ്യ പ്രവർത്തകരായ പി.ഗീത, അലോഷ്യ ജോസഫ് എന്നിവരും നിരാഹാരസമരം തുടരുകയാണ്. സമരത്തിനു പിന്തുണ അറിയിച്ചു നൂറുകണക്കിനു പേരാണു സമരവേദിയിൽ എത്തുന്നത്. അതിനിടെ കന്യാസ്ത്രീകൾക്കു നീതി തേടി സെക്രട്ടേറിയറ്റിനു മുന്നിലും കോഴിക്കോടും ജനകീയ സമിതിയുടെ നേതൃത്വത്തിൽ ധർണ നടക്കുന്നുണ്ട്. ഇന്നു സംസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പന്തം കൊളുത്തി പ്രകടനം നടക്കും.

related stories