Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരഭിമാനക്കൊല: വാഗ്ദാനം ഒരു കോടി, അക്രമികള്‍ക്ക് ഐഎസ്‌ഐ ബന്ധം

pranay-amruta കൊല്ലപ്പെട്ട പ്രണയ് ഭാര്യ അമൃതയ്ക്കൊപ്പം.

നല്‍ഗൊണ്ട∙ തെലങ്കാനയില്‍ ഇരുപത്തിനാലുകാരനായ എന്‍ജിനീയറെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നിൽ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളിയെ ബിഹാറില്‍നിന്ന് അറസ്റ്റ് ചെയ്‌തെന്നു പൊലീസ്. ദുരഭിമാനക്കൊലയ്ക്കായി നല്‍ഗൊണ്ടയില്‍നിന്നുള്ള ചിലര്‍ ബിഹാറില്‍നിന്ന് ഐഎസ്‌ഐ ബന്ധമുള്ള കൊലയാളിയെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഒരു കോടി രൂപയാണ് ഇവര്‍ക്കു വാഗ്ദാനം ചെയ്തിരുന്നത്. 18 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കി. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം മോചിപ്പിച്ചയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവഎന്‍ജിനീയറായ പെരുമല്ല പ്രണയ് കുമാറും ഭാര്യ അമൃതവര്‍ഷിണിയും ആശുപത്രിയില്‍നിന്നു മടങ്ങുമ്പോൾ കൊലയാളി പ്രണയിനെ വടിവാളിനു വെട്ടികൊലപ്പെടുത്തിയത്. പിതാവ് മാരുതി റാവുവും അമ്മാവന്‍ ശ്രാവണ്‍ റാവവുമാണ് കൊലയ്ക്കു പിന്നിലെന്ന് അമൃത ആരോപിച്ചിരുന്നു.

ഗർഭം അലസിപ്പിച്ച് കാര്യങ്ങൾ ശാന്തമാകുംവരെ ഏതാനും വർഷം കാത്തിരിക്കാൻ പിതാവ് ആവശ്യപ്പെട്ടിരുന്നതായി അമൃത വർഷിണി വെളിപ്പെടുത്തി. തന്‍റെ പിതാവിന് ചില ദുഷ്ടചിന്തകൾ ഉണ്ടായിരുന്നു. എന്നാൽ ഭർത്താവിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തുമെന്നു തീരെ പ്രതീക്ഷിച്ചിരുന്നില്ല. – അമൃത വർഷിണി  പറഞ്ഞു. 

ഇതിനിടെ, വിവാഹത്തിന് ആഴ്ചകൾക്കു ശേഷം അമൃത സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയാണ് അമൃതയുടെ പിതാവിന്റെ ദേഷ്യം ഇരട്ടിയാക്കിയതെന്നും റിപ്പോർട്ടുണ്ട്. അമൃത പോസ്റ്റ് ചെയ്ത വിഡിയോയേക്കാൾ ലൈക് പ്രണയ്‌യുടെ കൊലപാതകത്തിന്റെ വിഡിയോക്കു ലഭിക്കുമെന്ന് അമൃതയോട് പിതാവ് പറഞ്ഞതായി പ്രണയ്‌യുടെ ഒരു ബന്ധുവിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 

എസ്​സി വിഭാഗത്തില്‍പെട്ട പ്രണയ് തന്റെ മകളെ വിവാഹം കഴിച്ചത് അംഗീകരിക്കാന്‍ കഴിയാതെ അമൃതയുടെ പിതാവാണ് കൊലയാളി സംഘത്തെ നിയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹൈദരാബാദില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നതും തുടര്‍ന്നു കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരായതും. പിന്നീട് ഇവരെ അംഗീകരിച്ച പ്രണയ്‌യുടെ കുടുംബം വിവാഹസല്‍ക്കാരം നടത്തുകയും ചെയ്തു. ഇതിന്റെ ഫൊട്ടോ അമൃത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും പിതാവിനെ രോഷാകുലനാക്കി.

തന്‍റെ മകളും ദലിത് ക്രിസ്ത്യാനിയായ കുമാറും തമ്മിലുള്ള വിവാഹം വർഷിണിയുടെ പിതാവായ തിരുനഗരി മാരുതി റാവുവിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ജാതിയായ വൈശ്യ വിഭാഗത്തില്‍പ്പെട്ട റാവു വാടക കൊലപാതികകളുടെ സഹായത്തോടെ കുമാറിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

റാവു, സഹോദരൻ ശ്രാവൺ, സുഹൃത്തായ അബ്ദുള്‍ കരീം എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവായ കരീമിന്‍റെ സഹായത്തോടെയാണ് റാവു കൊലപാതികളെ ഏർപ്പെടുത്തിയതെന്നാണ് നിഗമനം. കൊലപാതകത്തെ കുറിച്ച് നിർണായകമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമായ ചിത്രം ഉടൻ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ, ഭർത്താവിന്‍റെ വീട്ടുകാരോടൊപ്പം തുടർജീവിതം കഴിക്കാനാണ് തീരുമാനമെന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകില്ലന്നും അമൃത വർഷിണി വ്യക്തമാക്കി. എന്തു സംഭവിക്കുമെന്ന ഭീതിയുണ്ടെങ്കിലും വർഷിണിയെ ജീവിതാവസാനം വരെ സംരക്ഷിക്കുമെന്ന് കുമാറിന്‍റെ പിതാവ് പെരുമല്ല ബാലസ്വാമി പറഞ്ഞു. മനുഷ്യത്വത്തിനു മുന്നിൽ ജാതി തോറ്റു പിൻമാറുമെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമാറിന്‍റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം മതം ഒരു പ്രശ്നമായിരുന്നില്ലെന്നും തനിക്ക് സുഖമില്ലാത്തതിനാൽ കുമാർ തന്നെയാണ് തനിക്കു വേണ്ടി ഗണേശ പൂജ ചെയ്തതെന്നും വർഷിണി പറഞ്ഞു.

related stories