Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ സംസ്കാരച്ചടങ്ങിന് എത്തിയ സൈനികനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി

soldier-mukhta-ahmad-malik ലാൻസ് നായിക് മുക്താര്‍ അഹമ്മദ് മാലിക്.

ശ്രീനഗർ∙ അപകടത്തിൽ മരിച്ച മകന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സൈനികനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ടെറിറ്റോറിയൽ ആർമിയിലെ ലാൻസ് നായിക് മുക്താര്‍ അഹമ്മദ് മാലിക് ആണ് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ഷുറത്ത് ഗ്രാമത്തിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ അദ്ദേഹത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു. 

"നിങ്ങൾ‌ക്കു വേണമെങ്കിൽ എന്നെ വെടിവയ്ക്കാം, പക്ഷേ എന്നോടു ചോദ്യങ്ങള്‍ ചോദിക്കരുത്" – കൊല്ലപ്പെടുന്നതിനു മുമ്പ് ഭീകരരോടു ലാൻസ് നായിക് മാലിക് പറഞ്ഞതായി സംഭവത്തിനു ദൃക്സാക്ഷികളായവരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ടെറിറ്റോറിയൽ ആർമിയിൽ ചേരുന്നതിനു മുൻപ്, പിരിച്ചുവിടപ്പെട്ട ഒരു തീവ്രവാദ വിരുദ്ധ സേനയുടെ കമാൻഡറായിരുന്നു ലാൻസ് നായിക് മാലിക്കെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറഞ്ഞു. അപകടത്തെ തുടർന്ന് മരിച്ച മകൻ ഷരീഖിന്‍റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനായാണ് ലാൻസ് നായിക് മാലിക് വീട്ടിലെത്തിയത്.

രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ഷരീഖ് വെള്ളിയാഴ്ചയാണു മരിച്ചത്. മരണാനന്തര ക്രിയകൾക്കായി കുടുംബം തയാറാകുന്നതിനിടെയാണു ഭീകരർ വീട്ടിലേക്ക് ഇരച്ചു കയറി 43 കാരനായ മാലിക്കിനു നേരെ നിറയൊഴിച്ചത്. ദക്ഷിണ കശ്മീരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പൊലീസുകാരും അവധിക്ക് വീട്ടിലെത്തുന്ന സൈനികരും തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.