Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ ഏജൻസിയിൽനിന്ന് കേരളം വായ്പ വാങ്ങുന്നു; 500 കോടി

rebuild-kerala

തിരുവനന്തപുരം∙ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുളള രാജ്യാന്തര കാർഷികവികസന നിധിയുടെ (ഇന്റർനാഷനൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡവലപ്മെന്റ്– ഇഫാഡ്) 500 കോടി രൂപയുടെ വായ്പ കേരളത്തിനു ലഭിച്ചേക്കും. പ്രളയം മൂലം തകർന്ന കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനായാണു വായ്പ. 40 വർഷത്തേക്കു കുറഞ്ഞ പലിശയ്ക്കുള്ള വായ്പയ്ക്കു തത്വത്തിൽ ധാരണയായി.

വികസ്വര രാജ്യങ്ങളിലെ ഗ്രാമീണ കാർഷിക മേഖലയ്ക്കു സഹായം നൽകുന്ന ഏജൻസിയാണു റോം ആസ്ഥാനമായ ‘ഇഫാഡ്’. ഇതിന്റെ പ്രതിനിധികൾ കേരളത്തിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറുമായി ചർച്ച നടത്തി. പിന്നീടു കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെ ഡൽഹിയിലും ആശയവിനിമയമുണ്ടായി. പ്രാഥമിക റിപ്പോർട്ട് കേരളം സമർപ്പിച്ചു. സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി കേന്ദ്രം ഉയർത്തണമെന്നതാണ് അവശേഷിക്കുന്ന തടസ്സങ്ങളിലൊന്ന്. ഇതിനുള്ള സമ്മർദം കേരളം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയത്തോട് 2000 കോടിയുടെ സഹായമാണ് അടിയന്തരമായി തേടിയിരിക്കുന്നത്. ദേശീയ ഹോർട്ടികൾച്ചർ മിഷൻ ഫണ്ടിനായും ശ്രമമുണ്ട്.

കാർഷിക മേഖലയുടെ നഷ്ടം 19,000 കോടി

പ്രളയം കാർഷിക മേഖലയ്ക്കുണ്ടാക്കിയ നഷ്ടം 19,000 കോടിയുടേതെന്നു കൃഷിവകുപ്പ് റിപ്പോർട്ട്. വിളനാശം മാത്രം 6000 കോടിയുടേതാണ്. ബൃഹദ് പുനരുജ്ജീവന പദ്ധതി തയാറാക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു. പ്രളയത്തെത്തുടർന്നു നിലവിലെ ചില പദ്ധതികൾ തൽക്കാലം വേണ്ടെന്നുവച്ചു. പകരം നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, ഏലം തുടങ്ങിയവയ്ക്ക് ഊന്നൽ കൊടുക്കുന്ന പുതിയ പദ്ധതി നടപ്പാക്കും.

related stories