Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷീന ബോറ വധം: ഉഭയസമ്മതപ്രകാരം പിരിയാൻ ഇന്ദ്രാണിയും പീറ്റർ മുഖർജിയും

PTI8_27_2015_000102B ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും

മുംബൈ∙ ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജി, ഭർത്താവ് സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി എന്നിവർ ഉഭയസമ്മത പ്രകാരം ബാന്ദ്ര കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകി. പതിവു നടപടിക്രമമനുസരിച്ചു പ്രിൻസിപ്പൽ ജഡ്ജി ശൈലജ സാവന്ത് ദമ്പതികളെ കൗൺസലിങ്ങിന് അയച്ചു. തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇരുവരും കൗൺസിലറെ അറിയിച്ചതിനെ തുടർന്നു നിയമപ്രകാരമുള്ള ആറുമാസത്തെ ഇടവേള അനുവദിച്ച് അന്തിമവാദം കേൾക്കൽ 2019 മാർച്ച് 25ലേക്ക് മാറ്റി.

ഇന്ത്യയിലെയും വിദേശത്തെയും വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും ആഭരണങ്ങളും ആഡംബരവാച്ചുകളും പങ്കുവയ്ക്കാൻ ധാരണയായിട്ടുണ്ടെന്ന് ഇരുവരും ഹർജിയിൽ വ്യക്തമാക്കി. 2002 ഏപ്രിലിൽ ഇന്ദ്രാണിയുടെ ആദ്യ ജീവിതപങ്കാളിയിലെ മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണു കേസ്. ഗൂഢാലോചനയിൽ പങ്കാളിയായതാണു പീറ്ററിനെ കുരുക്കിയത്.

പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകനുമായുള്ള ഷീനയുടെ അടുപ്പമാണു കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണു കേസ് അന്വേഷിച്ച സിബിഐയുടെ നിഗമനം. ബൈക്കുള വനിതാ ജയിലിൽ വിചാരണത്തടവിലുള്ള ഇന്ദ്രാണി കഴിഞ്ഞ ഏപ്രിലിലാണ് ആർതർ റോഡ് ജയിലിൽ കഴിയുന്ന പീറ്ററിനു വിവാഹമോചന നോട്ടിസ് അയച്ചത്. 2002ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.