Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി വായ്പ തട്ടിപ്പ്: രാജ്യത്തെ പ്രമുഖ നിയമ സ്ഥാപനം നിരീക്ഷണത്തിൽ

PNB-Punjab-National-Bank

മുംബൈ∙ പിഎൻബി വായ്പാ തട്ടിപ്പിൽ പിടികിട്ടാപ്പുള്ളിയായി കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ നിയമ സ്ഥാപനങ്ങളിലൊന്നായ സിറിൽ അമർചന്ദ് മംഗളദാസ് (സിഎഎം) അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ. പഞ്ചാബ് നാഷണൽ ബാങ്കിലെ 13,000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ചില രേഖകൾ സിഎഎം ഓഫിസ് പരിസരത്തുനിന്നു കഴിഞ്ഞ ഫെബ്രുവരിയിൽ പിടിച്ചെടുത്തതോടെയാണ് ഇവർ നിരീക്ഷണത്തിലായതെന്ന് ഒരു സർക്കാർ അഭിഭാഷകനും പൊലീസ് കേന്ദ്രങ്ങളും വെളിപ്പെടുത്തിയതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള വജ്ര സ്ഥാപനങ്ങളിലൊന്നിൽ നിന്നു ചില രേഖകൾ കടലാസു പെട്ടികളിലാക്കി ഫെബ്രുവരി മധ്യത്തോടെയാണു സമീപത്തുള്ള സിഎഎമ്മിന്‍റെ ഓഫിസിലെത്തിച്ചത്. ഇവിടെ നിന്ന് പൊലീസ് ഇവ പിടിച്ചെടുക്കുകയായിരുന്നു. രേഖകൾ സിഎഎം ഓഫിസിലെത്തിച്ച് ഒരാഴ്ചയ്ക്കകമാണ് ഇവ പിടിച്ചെടുത്തതെന്ന് സിബിഎ കോടതിക്കു മുമ്പാകെ സമർപ്പിച്ച രേഖകളും ദൃക്സാക്ഷി മൊഴികളും വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ സിഎഎമ്മിന്‍റെ ഓഫിസിൽ നിന്നു കണ്ടെടുത്തതായി ആദ്യ കുറ്റപ്പത്രത്തിൽ വ്യക്തമാക്കിയിരുന്നു. സിഎഎമ്മിലെ ഒരു അഭിഭാഷകനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതായും മൊഴി രേഖപ്പെടുത്തിയതുമായാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഈ മൊഴി ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. നിർണായക വിവരങ്ങൾ മറച്ചുവച്ചതിന് സിഎഎമ്മിനെതിരെ കേസ് എടുക്കണോ അതോ മോദിക്കെതിരെ സാക്ഷികളാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

നീരവ് മോദിയുടെ വക്കാലത്ത് ഏറ്റെടുക്കാതെ തന്നെയാണ് പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ സിഎഎമ്മിന്‍റെ കൈവശമെത്തിയതെന്നു കേസിൽ സർക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരിലൊരാളായ രാഘവചാര്യലു പറഞ്ഞു. തട്ടിപ്പു കേസിൽ നീരവ് മോദിയുടെ വക്കാലത്ത് സിഎഎം ഏറ്റെടുത്തിട്ടില്ലെന്നതു നൂറു ശതമാനം ഉറപ്പാണെന്നും അതുകൊണ്ടാണു പ്രതിയുടെ അഭിഭാഷകരെന്ന പരിഗണന അവർക്കു ലഭിക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് താൻ ഇത്തരമൊരു നിരീക്ഷണത്തിലെത്തിയതെന്നും രാഘവചാര്യലു വ്യക്തമാക്കി.

എന്നാൽ, നീരവ് മോദിയുമായുള്ള ബന്ധം വ്യക്തമാക്കാൻ സിഎഎം വിസമ്മതിച്ചു. നിയമരംഗത്തുള്ള ഏറ്റവും മികച്ച നടപടി ക്രമങ്ങൾക്കനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനെ കുറിച്ച് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാപനത്തിന്‍റെ വക്താവായ മധുമിത പോൾ പ്രതികരിച്ചു.

600ൽ അധികം അഭിഭാഷകരുള്ള സിഎഎം ഗൂഗിൾ‍, മൈക്രോസോഫ്റ്റ്, ഐസിഐസിഐ ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാക്കളാണ്. ഭൗമിക്കും ചക്രവർത്തിക്കൊപ്പം മാധ്യമസമ്മേളനത്തിൽ പങ്കെടുത്തു.