Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴുക്കുചാലിൽ ഇന്ധനം ഒഴുകും; 10 ലക്ഷം ലീറ്റർ മലിനജലത്തിൽനിന്ന് മൂന്നു ടൺ ജൈവ ഇന്ധനം

GLOBAL-ENVIRONMENT/

ന്യൂഡൽഹി ∙ അഴുക്കുചാലിലെ മലിനജലം ഇനി ഇന്ധനമാകും; ശുദ്ധജലവും. ബാരാപ്പുള്ള അഴുക്കുചാലിലെ മലിനജലം ശുചീകരിച്ച് ഉപയോഗിക്കാനുള്ള പദ്ധതിക്കു തുടക്കമായി. കേന്ദ്ര ബയോടെക്നോളജി മന്ത്രാലയത്തിനു കീഴിൽ ആരംഭിച്ച സംവിധാനം കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ ട്രീറ്റ്മെന്റ് ഓഫ് അർബൻ സുവിജ് സ്ട്രീംസ് ഫോർ ഹെൽത്തി റീയൂസ് (ലോട്ടസ്എച്ച്ആർ) എന്ന സംവിധാനം സൺഡയൽ പാർക്കിലാണു സ്ഥാപിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യയിലൂടെ 10 ലക്ഷം ലീറ്റർ മലിനജലം ശുചീകരിച്ചു മൂന്നു ടൺ ജൈവ ഇന്ധനം തയാറാക്കാൻ സാധിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയുടെ നേതൃത്വത്തിൽ ഡച്ച് സഹായത്തോടെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ലോകത്തുതന്നെ ആദ്യമായാണെന്നു ഡോ. ഹർഷവർധൻ പറയുന്നു. ശുചീകരിച്ചെടുക്കുന്ന ജലം അടുക്കളയിലും ശുചിമുറിയിലുമെല്ലാം ഉപയോഗിക്കാൻ സാധിക്കും. ഇതിനാവശ്യമായ ലബോറട്ടറി സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയശേഷം മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതു പരിഗണിക്കും. 

അഴുക്കുജലത്തിൽനിന്നു കാർബൺ വേർതിരിച്ചെടുക്കുകയാണ് ആദ്യപടി. ഇതിൽനിന്നാണു ബയോ ഇന്ധനം തയാറാക്കുന്നത്. നിലവിലുള്ള ഭൂരിഭാഗം സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ പ്രായോഗികമല്ലെന്നു ബയോടെക്നോളജി മന്ത്രാലയത്തിന്റെ പ്രതിനിധികൾ പറയുന്നു. പ്ലാന്റ് പ്രവർത്തിക്കാൻ ലക്ഷങ്ങൾ ആവശ്യമാണ്. ഇതിനു ബദലായാണു പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള മറ്റു ശുചീകരണ സംവിധാനങ്ങളിലെല്ലാം മലിനജലത്തിലെ കാർബൺ കത്തിച്ചുകളയുമ്പോൾ ഇവിടെ കാർബണിനെ വേർതിരിച്ച് ഇന്ധനമാക്കി മാറ്റുന്നു. 

ഡച്ച് ഏജൻസിയായ എൻഡബ്ല്യുഒ, കേന്ദ്ര ബയോടെക്നോളജി മന്ത്രാലയം എന്നിവരാണു പദ്ധതിക്കാവശ്യമായ പണം മുടക്കിയത്. ഒരു വർഷം മുൻപാണു ഡൽഹി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ബാരാപ്പുള്ള മേൽപാലത്തിനു സമീപത്തെ പാർക്കിൽ സ്ഥലം കണ്ടെത്തിയത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രണ്ടു ബയോ ശുചിമുറികളും സൺഡയൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.