Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിന്റെ ചോദ്യം ചെയ്യലിനിടെ ആശങ്ക പടർത്തി ‘സമര പ്രവർത്തക’

nun-protest-kochi ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യലിന് എത്തിച്ചപ്പോൾ വന്ന ‘സമര പ്രവർത്തക’യെ പൊലീസ് തടയുന്നു.

കൊച്ചി ∙ കന്യാസ്ത്രീയെ പീ‍ഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യുന്നതിനായി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഹാജരാക്കുമ്പോൾ ക്രൈംബ്രാഞ്ച് ഓഫിസ് പരിസരത്തു ‘സമര പ്രവർത്തക’യെ കണ്ടത് ആശങ്ക പരത്തി. ഇവരെ സമരപ്പന്തലിൽ കണ്ടു പരിചയമുള്ള ചിലർ പൊലീസിനെ  അറിയിച്ചതോടെ വനിതാ പൊലീസെത്തി തടഞ്ഞു.

‘പത്രവാർത്ത കണ്ടറിഞ്ഞു വന്നതാണ്, ഇവിടെ നിന്നു കൂടെ’ എന്ന് ഇവർ പൊലീസിനോടു ചോദിക്കുന്നുണ്ടായിരുന്നു. നിങ്ങളെ സമരപ്പന്തലിൽ കണ്ടിരുന്നല്ലോ എന്നു ചോദിച്ചപ്പോൾ ‘അവിടെയും പോയിരുന്നു’ എന്നായിരുന്നു മറുപടി. എന്തായാലും അധികസമയം നിൽക്കുന്നതു പന്തിയല്ലെന്നു തോന്നിയതിനാലാകണം അവർ അവിടെനിന്നു പോയി.

കനത്ത സുരക്ഷ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിൽ കൂടുതൽ പ്രവർത്തക പങ്കാളിത്തത്തിനു നീക്കമുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ. ഇതിന്റെ പശ്ചാത്തലത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സ്ഥലത്തു കനത്ത സുരക്ഷയാണു പൊലീസ് ഒരുക്കിയത്. ക്രൈംബ്രാഞ്ച് ഓഫിസ് മതിൽ കെട്ടിനുള്ളിലേയ്ക്കു മാധ്യമ പ്രവർത്തകരെയോ പൊതുജനങ്ങളെയോ കടത്തിവിട്ടില്ല.

‘വഴിതിരിച്ച്’ നാടകം

ബിഷപ്പിനെ മികച്ച കാവൽ ഒരുക്കിയാണു ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ പൊലീസ് എത്തിച്ചത്. ചോദ്യം ചെയ്യൽ കേന്ദ്രത്തിന്റെ ഗേറ്റിലേയ്ക്കു പ്രധാന റോഡിൽനിന്നു മാധ്യമങ്ങളെ മാറ്റി ഇതുവഴി ബിഷപ്പുമായി വാഹനം കടന്നുവരുന്നു എന്ന പ്രതീതിയും ആദ്യം പൊലീസ് സൃഷ്ടിച്ചു.

ഇവിടെ മാധ്യമപ്രവർത്തകർ ക്യാമറയുമായി കാത്തു നിൽക്കുമ്പോൾ പുറകുവശത്തുള്ള ചുറ്റിവളഞ്ഞ വഴിയിലൂടെ ബിഷപ്പുമായുള്ള വാഹനം അന്വേഷണ കേന്ദ്രത്തിലെത്തി. ഉടനെ ഗേറ്റടച്ച് ആരെങ്കിലും കയറുന്നതു പൊലീസ് തടയുകയും ചെയ്തു. 

related stories