Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയുടെ ചികിൽസ: സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രി

jaya ജയലളിത

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിൽസാ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രി ആറുമുഖസാമി കമ്മിഷനെ അറിയിച്ചു. നാൽപത്തിയഞ്ചു ദിവസങ്ങൾ മാത്രമെ ദ‍ൃശ്യങ്ങൾ സൂക്ഷിക്കാറുള്ളൂ എന്നും പഴയദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള സംവിധാനമില്ലെന്നുമാണ് ആശുപത്രി നൽകിയ വിശദീകരണം. 

ജയ ചികിൽസയിലിരുന്ന 75 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ 14നു കൈമാറണമെന്ന് കമ്മിഷൻ ആശുപത്രി ചീഫ് ഓപറേറ്റിങ് ഓഫിസർ സുബ്ബയ്യ വിശ്വനാഥിനു നേരത്തേ നിർദേശം നൽകിയിരുന്നു. ജയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 2016 സെപ്റ്റംബർ 22 മുതൽ മരിച്ച ഡിസംബർ നാലുവരെയുള്ള ദൃശ്യങ്ങളാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. മൊബൈലിൽ പകർത്തിയ ജയലളിതയുടെ ദൃശ്യങ്ങൾ നേരത്തേ ശശികലപക്ഷം പുറത്തുവിട്ടിരുന്നു. 

രോഗികളുടെ സ്വകാര്യതയ്ക്കാണ് മുൻഗണനയെന്നും കോടതി ഉത്തരവോ പൊലീസ് നിർദേശമോ മുൻകൂട്ടി ലഭിച്ചാൽ മാത്രമെ സിസിടിവി ദൃശ്യങ്ങൾ ആശുപത്രിയിൽ സൂക്ഷിക്കാറുള്ളൂ എന്നുമാണ് അപ്പോളോ അധികൃതരുടെ വിശദീകരണം. ദൃശ്യങ്ങൾ റിക്കോർഡ് ചെയ്യപ്പെട്ട് രണ്ടുവർഷം കഴിഞ്ഞതിനാൽ അവ തിരികെയെടുക്കാൻ കഴിയില്ലെന്നും ഇന്ത്യയിൽ ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന തീവ്രപരിചരണ വിഭാഗത്തിലെ ക്യാമറകൾ ഓഫ് ചെയ്തിരുന്നതായും മറ്റു രോഗികളെ വേറെ വാർഡുകളിലേക്കു മാറ്റിയതായും അപ്പോളോ ആശുപത്രിയുടെ ചെയർമാൻ പ്രതാപ് റെഡ്ഡി കഴിഞ്ഞ മേയിൽ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. 

എന്നാൽ സിസിടിവി പ്രവർത്തിച്ചിരുന്നതായും, ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം ഇടയ്ക്കിടെ ഇവ ഓഫ് ചെയ്തിരുന്നതായുമാണ് കഴിഞ്ഞ ഏഴിന് ഓപ്പറേറ്റിങ് ഓഫിസർ സുബ്ബയ്യ കമ്മിഷനു നൽകിയ മൊഴിയിൽ പറയുന്നത്. ക്യാമറകൾ ഓഫ് ചെയ്യാൻ നിർദേശിച്ച ഓഫിസറുടെ വിവരങ്ങൾ കൈമാറണമെന്നു കമ്മിഷൻ സുബ്ബയ്യയോടു നിർദേശിച്ചിരുന്നു. ജയലളിതയുടെ ചികിൽസയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംബന്ധിച്ചു തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥനു കമ്മിഷൻ നോട്ടിസ് അയച്ചു.

അഞ്ചു ഡോക്ടർമാരുടെ നേതൃത്വത്തിൽ ജയയ്ക്കു നൽകിയ ചികിൽസയുടെ വിവരങ്ങൾ സർക്കാരിനു നൽകിയിട്ടുണ്ടോ? ചികിൽസാ വിവരങ്ങൾ അന്നത്തെ ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിനോ, ഗവർണർക്കോ, മുഖ്യമന്ത്രിക്കോ കൈമാറിയിരുന്നോ? വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ ആശുപത്രി അധികൃതർക്കെതിരെ കൈക്കൊണ്ട നടപടികൾ എന്തൊക്കെ, തുടങ്ങിയ ചോദ്യങ്ങൾക്കാണ് കമ്മിഷൻ മറുപടി തേടിയത്. ചികിൽസാ വിവരങ്ങൾ അന്നത്തെ ഗവർണർ വിദ്യാസാഗർ റാവുവിനു ലഭിച്ചിരുന്നോ എന്ന കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനും കമ്മിഷൻ കത്തയച്ചു.