Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയല്ല, ഭീഷണി ആഭ്യന്തര ഭീകരർ‌: പാക്ക് സേനയിലെ ‘പുതുതലമുറ’

Pakistan Army പ്രതീകാത്മക ചിത്രം.

വാഷിങ്ടൻ∙ പാക്കിസ്ഥാൻ സൈന്യത്തിലെ പുതുതലമുറയിൽ ഭൂരിഭാഗവും ഇന്ത്യയേക്കാൾ വലിയ ഭീഷണിയായി സ്വന്തം നാട്ടിലെ ഭീകരവാദികളെ കണ്ടുതുടങ്ങിയതായി പഠന റിപ്പോർ‌ട്ട്. സൈന്യത്തിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കാൻ സാധ്യതയുള്ള  പുതുതലമുറ ഓഫിസർമാരുടെ  മനോഭാവത്തിലാണു മാറ്റം പ്രകടമാകുന്നത്.

സ്വകാര്യ സംഭാഷണങ്ങളിലും അത്താഴ വിരുന്നുകളിലും ഈ അഭിപ്രായം പുറത്തുവരുന്നതായി ‘ദ് ക്വറ്റ എക്സ്പീരിയൻസ്’ എന്ന പേരിൽ ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിലെ മുൻ പഠിതാവും റിട്ടയേർഡ് യുഎസ് ആർമി കേണലുമായ ഡേവിഡ് ഒ.സ്മിത്തിന്റെ ലേഖനത്തിൽ പറയുന്നു. വാഷിങ്ടൻ ആസ്ഥാനമായ വിൽസൺ സെന്ററാണു പാക്ക് സേനയിലെ മധ്യതല ഓഫിസർമാരുടെ മാറുന്ന മനോഭാവം സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 

ഉഭയകക്ഷി ധാരണയിലൂടെ 1977 മുതൽ 2014 വരെ ഈ സൈനിക പരിശീലന കേന്ദ്രത്തിൽ പഠിച്ച യുഎസ് ആർമി ഓഫിസർമാരും പാക്ക് സഹപാഠികളും തമ്മിലെ സംവാദങ്ങളാണു പഠനത്തിനു വിധേയമാക്കിയത്. പഴയ തലമുറയിൽപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥർ പുതിയ ഓഫിസർമാരിൽ പരമ്പരാഗതമായ ഇന്ത്യാവിരുദ്ധത കുത്തിവയ്ക്കാനാണു ശ്രമിക്കാറുളളതെങ്കിലും ഇന്ത്യയ്ക്കെതിരായ നിലപാടിൽ മാറ്റമുളള നിരവധി യുവ ഓഫിസർമാർ സേനയിലുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. 

2014 ല്‍ പഠനം  പൂർത്തിയായെങ്കിലും ക്വറ്റ കേന്ദ്രത്തിൽ പാക്ക് സേനയുമായി സഹകരിച്ചുവന്ന യുഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷ  കണക്കിലെടുത്തു പ്രസിദ്ധീകരിച്ചില്ല. കേന്ദ്രവുമായുള്ള സഹകരണം യുഎസ് 2016 ൽ അവസാനിപ്പിച്ചു. ക്വറ്റ സേനാകേന്ദ്രവുമായുള്ള യുഎസ് സഹകരണം തുടരില്ലെന്ന് 2017ൽ ഉറപ്പായ ശേഷമാണു റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സ്മിത്ത് തീരുമാനിച്ചത്. 

1981 ൽ ഇന്ത്യ മാത്രമാണു ശക്തമായ ‘ബാഹ്യ ഭീഷണി’യെന്നാണു പാക്ക് സൈനികർ കരുതിയിരുന്നത്. 1980 കളിൽ സോവിയറ്റ് യൂണിയനാണു പ്രധാന ഭീഷണിയെന്ന തോന്നലിലായിരുന്നു ഭൂരിപക്ഷം സൈനിക ഓഫിസർമാരെങ്കിലും ഇന്ത്യയോളം വലിയശത്രു വേറെയില്ലെന്ന ധാരണ അന്നും ഊട്ടി ഉറപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയ്ക്കെതിരെ ദീർഘകാലമായി തുടരുന്ന വിരുദ്ധകാഴ്ചപ്പാട് ഉറപ്പിക്കാൻ സേനാനേതൃത്വം ഏറെ ശ്രദ്ധ പുലർത്തിയിരുന്നതായി 1995 ൽ ക്വറ്റയിലെ വിദ്യാർഥിയായിരുന്ന ഒരു യുഎസ് സൈനികൻ ഓർത്തെടുത്തു. 

കാലങ്ങളായി തുടരുന്ന ഇന്ത്യാവിരുദ്ധ മനോഭാവത്തിൽ തലമുറകൾ തമ്മിലുള്ള ഭിന്നത പിന്നീട് പ്രകടമാകാൻ തുടങ്ങിയെന്നും മറിച്ചുള്ള ചിന്ത യുവ സൈനികർക്കിടയിൽ കണ്ടുതുടങ്ങിയെന്നും 2009–10 ബാച്ചിൽപ്പെട്ട ഒരു യുഎസ് വിദ്യാർഥി വ്യക്തമാക്കുന്നു. വ്യോമ, നാവിക സേനയിലെ യുവ ഉദ്യോഗസ്ഥർക്കിടയിലാണ് ഇത്തരമൊരു ചിന്ത പ്രബലമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാൻ അതിർത്തിയില്‍ സേവനം നടത്തിയുള്ള അനുഭവ പരിചയമാണു ജൂനിയർ തലത്തിലും മധ്യതലത്തിലുമുള്ള സൈനികരെ സംബന്ധിച്ചിടത്തോളം ഇന്ത്യയേക്കാൾ വലിയ ഭീഷണി ആഭ്യന്തര തീവ്രവാദികളാണെന്ന ചിന്ത ഉടലെടുക്കാൻ കാരണം. സഹപ്രവർത്തകരെ ഭീകരർ കൊല്ലുന്നതും പരിക്കേൽപ്പിക്കുന്നതും കണ്ടവരാണു യുവസൈനികരിൽ ഭൂരിഭാഗവും. 2012–13 കാലഘട്ടമായപ്പോഴേക്കും ഇന്ത്യയോടുള്ള സമീപനത്തിൽ കാതലായ മാറ്റം പ്രകടമായി. 

എന്തുകൊണ്ടാണു നമ്മൾ ഇന്ത്യക്കാരെ ഇത്രമാത്രം വെറുക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും ഇന്ത്യൻ സംഗീതവും സിനിമയും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണെന്നും ഈ കാലഘട്ടത്തിലെ ഒരു വിദ്യാർഥി പറഞ്ഞതായി സ്മിത്ത് രേഖപ്പെടുത്തുന്നു. 2013–14 ബാച്ചിലെത്തുമ്പോൾ മിക്കവരും ഇന്ത്യയുമായി ശക്തമായ ഉഭയകക്ഷി ബന്ധം ആഗ്രഹിക്കുന്നവരാണ്. എന്നാൽ ക്വറ്റ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഈ ധാരണകൾ മുളയിലെ നുള്ളാനാണു ശ്രമിക്കുകയെന്നും ലേഖനത്തിൽ പറയുന്നു.