Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ കോൺഗ്രസ് സംസ്ഥാന ഘടകങ്ങളിൽ ചേരിപ്പോര്

congress-flag

ന്യൂഡൽഹി∙ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കച്ചമുറുക്കുന്ന കോൺഗ്രസിനെ വെട്ടിലാക്കി സംസ്ഥാന ഘടകങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചു തിരഞ്ഞെടുപ്പ് വിജയം എന്ന ഏക ലക്ഷ്യത്തിനായി നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന നിർദേശം ദേശീയ നേതൃത്വം പലകുറി നൽകിയെങ്കിലും സംസ്ഥാനങ്ങളിൽ അസ്വാരസ്യങ്ങൾ പുകയുന്നു.

∙ മധ്യപ്രദേശ്

നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനത്തെ മൂന്നു നേതാക്കൾ തമ്മിൽ അധികാര വടംവലി. സംസ്ഥാന അധ്യക്ഷൻ കമൽനാഥ്, മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്, തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം മേധാവി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കിടയിൽ ആരാണു വലിയവൻ എന്ന ചേരിപ്പോര് മുറുകുന്നു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭോപ്പാൽ സന്ദർശനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഉയർത്തിയ ഫ്ലെക്സുകളിൽ ദിഗ്‌വിജയ് സിങ്ങിന്റെ ചിത്രം ഒഴിവാക്കിയതു പോരിലെ ഒടുവിലത്തെ ഉദാഹരണം. പിന്നാലെ, ദിഗ്‌വിജയ്‌യെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

∙ രാജസ്ഥാൻ

സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റും മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിൽ അധികാരത്തർക്കം. ദേശീയ നേതൃത്വത്തിലേക്കു മാറിയ ഗെലോട്ട് സംസ്ഥാന വിഷയങ്ങളിൽ അമിതമായി കൈകടത്തുന്നതിൽ സച്ചിൻ അതൃപ്തൻ. ഇരുവരെയും അടുത്തിടെ ഡൽഹിക്കു വിളിച്ചുവരുത്തിയ രാഹുൽ രമ്യതയിൽ നീങ്ങണമെന്ന കർശന നിർദേശം നൽകി.

∙ മഹാരാഷ്ട്ര

മുംബൈ കോൺഗ്രസ് ഘടകം പ്രസിഡന്റ് സഞ്ജയ് നിരുപമിനെ നീക്കണമെന്നാവശ്യപ്പെട്ടു മുതിർന്ന നേതാക്കളായ കൃപാശങ്കർ സിങ്, മുൻ മന്ത്രി നസീം ഖാൻ എന്നിവർ രംഗത്ത്. പകരം മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റയെ നിയമിക്കണമെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖർഗെയോട് ഇവർ ആവശ്യപ്പെട്ടു. നിരുപം തുടർന്നാൽ മുംബൈയിൽ ഒരു സീറ്റിൽ പോലും പാർട്ടി വിജയിക്കില്ലെന്ന് ഇവരുടെ വാദം.

∙ കർണാടക

ഉപമുഖ്യമന്ത്രി പദം നൽകിയില്ലെങ്കിൽ ബിജെപിയിലേക്കു കൂറുമാറുമെന്നു ഭീഷണിപ്പെടുത്തി ബെളഗാവിയിലെ ജാർക്കിഹോളി സഹോദരങ്ങൾ രംഗത്ത്. തങ്ങളുടെ മേഖലയിൽ പാർട്ടിയിലെ പ്രമുഖൻ ഡി.കെ.ശിവകുമാർ അനാവശ്യ ഇടപെടൽ നടത്തുന്നതിലും എതിർപ്പ്. പ്രശ്ന പരിഹാരത്തിനു രാഹുൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ രംഗത്ത്. വിഷയം പ്രാദേശിക തലത്തിൽ പരിഹരിച്ചു മുന്നോട്ടു നീങ്ങാൻ രാഹുലിന്റെ നിർദേശം.

politics-speech

∙ മിസോറം

നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനത്തു പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കി ആഭ്യന്തര മന്തി പദവിയിൽ നിന്ന് മുതിർന്ന നേതാവ് ആർ. ലാൽസിർല്യാനയുടെ രാജി. തന്റെ മണ്ഡലത്തിലുൾപ്പെട്ട സെയ്തുൽ മേഖലയെ പ്രത്യേക ജില്ലയാക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പിന്നാലെ അച്ചടക്ക ലംഘനം ആരോപിച്ച് അദ്ദേഹത്തെ പാർട്ടിയിൽ നിന്നു പുറത്താക്കി. ലാൽസിർല്യാന അനുകൂലികൾ കലാപക്കൊടിയുമായി രംഗത്ത്.

∙ തമിഴ്നാട്

സംസ്ഥാന പ്രസിഡന്റ് എസ്. തിരുനാവുക്കരശും മുൻ പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവനും തമ്മിൽ അഭിപ്രായവ്യത്യാസം ശക്തം. ഇരുവരുടെയും അനുയായികൾ തമ്മിൽ കഴിഞ്ഞ ദിവസം പാർട്ടി ആസ്ഥാനത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ.