Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് നടപടി ആടിനെ ഇല കാണിച്ചു കൊണ്ടുപോകുന്നതു പോലെ: ജസ്റ്റിസ് ബി.കെമാൽപാഷ

Justice B. Kemal Pasha ജസ്റ്റിസ് ബി.കെമാൽ പാഷ

കൊച്ചി ∙ കന്യാസ്ത്രീയുടെ പരാതിയിൽ, ആടിനെ ഇല കാണിച്ചു കൊണ്ടുപോകുന്നതു പോലെയാണു പൊലീസെന്നു ജസ്റ്റിസ് ബി.കെമാൽപാഷ. കോടതി പരിഗണിക്കുന്നെന്ന പേരിൽ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ചു നിരവധി സുപ്രീംകോടതി വിധികളുണ്ട്. കോടതി പരിഗണിക്കുന്നതു മാറ്റിവച്ചാൽ അതിനെ മുൻകൂർ ജാമ്യമായി പരിഗണിക്കാനാവില്ല എന്നതു പൊലീസിന്റെ അറിവില്ലായ്മയല്ല. ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല. ഇതുകൊണ്ടു കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയാണു ചെയ്യുന്നത്. കൊച്ചി കടവന്ത്ര വൈഎംസിഎ ഹാളിൽ വനിതാ സുരക്ഷയെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തു നിലവിലുള്ള ഗാർഹിക പീഡന നിരോധന നിയമം നല്ല രീതിയിൽ എഴുതപ്പെട്ട ഒന്നാണെന്നു വിശ്വസിക്കുന്നില്ല. ഇതിന് ഒരുപാടു പോരായ്മകളുണ്ട്. ജുഡിഷ്യറിയാണ് ഇതു നികത്തേണ്ടത്. ജുഡിഷ്യറി നടത്തുന്നതു ജനങ്ങളുടെ ഇച്ഛയല്ല. അതേസമയം കണ്ണുകെട്ടി നീതി നടപ്പാക്കുന്നതു നീതിയാകുകയുമില്ല. കണ്ണടച്ചു നീതി നടപ്പാക്കുക എന്നു പറഞ്ഞാൽ പുറമേ ഉള്ള കണ്ണ് അടയ്ക്കുമ്പോൾ അകക്കണ്ണ് തുറക്കണം. അല്ലാത്തപക്ഷം പാവങ്ങൾക്കു നീതി നിഷേധിക്കപ്പെടും.

ആണായാലും പെണ്ണായാലും ഒന്നേ കെട്ടാവൂ എന്ന് അഭിപ്രായപ്പെട്ടതിനാലാണു മലമേലധ്യക്ഷൻമാർ തന്നെ പുറത്താക്കുമെന്നു പറഞ്ഞത്. സ്ത്രീകളെ ഉപഭോക്തൃവസ്തുവായി കാണുന്ന നാട്ടിൽ എങ്ങനെ അവർ സുരക്ഷിതരാകും. ഇച്ഛാശക്തിയുള്ള സർക്കാരുള്ളിടത്തേ സ്ത്രീകൾക്കു സുരക്ഷയുണ്ടാകുകയുള്ളൂ. സ്ത്രീകളുടെ മാനത്തിനു വില പറയാൻ ആരെയും അനുവദിക്കരുത്.

സമൂഹത്തിൽ പിടിപാടുള്ളവർക്കും അന്യരുടെ പണമുള്ള മേലധ്യക്ഷൻമാർക്കും മുന്നിൽ നിയമം ഓച്ഛാനിച്ചു നിൽക്കും. പെൺകുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ കന്യസ്തീ മഠത്തിലേയ്ക്ക് അയയ്ക്കുന്നതിനു പകരം പ്രായപൂർത്തിയായ ശേഷം സ്വന്തം തീരുമാനപ്രകാരം പോകാൻ അനുവദിക്കണമെന്നാണ് അഭിപ്രായം.

സമരത്തിനിറങ്ങിയ കന്യാസ്ത്രീമാരും വനിതകളും സമൂഹത്തിനു മാതൃകയാണ്. സ്ത്രീക്കു നീതികിട്ടുന്നില്ലെന്നു തോന്നുന്നിടത്തു സമരത്തിനു എല്ലാവരും ഇറങ്ങണം. നീതി ലഭിക്കാതെ പോകുന്ന സ്ത്രീയുടെ കണ്ണീരൊപ്പാൻ നാം മുൻപന്തിയിൽ നിൽക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ മനുഷ്യനായി ജീവിക്കുന്നതിനുള്ള അവകാശം നമുക്കില്ല എന്നാണു വിശ്വസിക്കുന്നത്. സമരം നടത്തുന്നവർക്കു പൊലീസിൽ നിന്നു നീതി ലഭിക്കുമെന്നു പറയാനാവില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.