Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മസംതൃപ്തിയോടെ പടിയിറങ്ങുന്നു, ഐക്യം തുടരുമെന്നു പ്രതീക്ഷ: എം.എം.ഹസൻ

M.M. Hassan എം.എം.ഹസൻ

തിരുവനന്തപുരം∙ പുതിയ കെപിസിസി പ്രസിഡന്റിനേയും ഭാരവാഹികളെയും അഭിനന്ദിക്കുന്നുവെന്ന് നിലവിലെ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. കഴിഞ്ഞ 18 മാസം കെപിസിസി പ്രസിഡന്റ് എന്നനിലയില്‍ എഐസിസി ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞെന്ന ആത്മസംതൃപ്തിയോടെയാണു പടിയിറങ്ങുന്നെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിച്ചു. ജനമോചനയാത്ര, കുടുംബസംഗമങ്ങള്‍ എന്നിവ നടത്തി പാര്‍ട്ടിയെ ബൂത്തുതലം മുതല്‍ ശക്തമാക്കി. ഓഖി, മഹാപ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്താന്‍ സാധിച്ചു. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ പടയോട്ടം വിജയിപ്പിക്കാന്‍ പാര്‍ട്ടി സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നും എം.എം.ഹസൻ പറഞ്ഞു.

പ്രളയബാധിതര്‍ക്ക് കെപിസിസി പ്രഖ്യപിച്ച 1000 ഭവനനിര്‍മാണ പദ്ധതിയിലേക്കു ജില്ലായോഗങ്ങള്‍ നടത്തി ഫണ്ട് സമാഹരിച്ചു വരികയാണ്. അഞ്ച് ലക്ഷം രൂപ നിർമാണ ചെലവു വരുന്ന 100 വീടിന്റെ ചെക്ക് ലഭിച്ചു. പുതിയ നേതൃത്വം ഈ പദ്ധതി വിജയകരമായി പൂര്‍ത്തികരിക്കുമെന്നു പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമായി നയിക്കാന്‍ കഴിവുള്ള നേതാക്കളെയാണ് എഐസിസി പ്രഖ്യാപിച്ചത്. ഒന്നവര്‍ഷമായി താന്‍ ഉണ്ടാക്കിയെടുത്ത ഐക്യം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. തുടര്‍ന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി സജീവമായി തന്നെ മുന്‍നിരയില്‍ ഉണ്ടാകുമെന്നും എം.എം.ഹസന്‍ പറഞ്ഞു.

തീരുമാനത്തെ എല്ലാവരും ഉള്‍ക്കൊള്ളുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് എന്നനിലയില്‍ മികച്ച പ്രവര്‍ത്തനമാണ് എം.എം.ഹസന്‍ നടത്തിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് ഹസൻ നടപ്പാക്കിയെന്നും അദ്ദേഹം ‌പറഞ്ഞു. എഐസിസി പ്രഖ്യാപിച്ചതു പുതിയ ടീമാണ്. അതിന്റെ ക്യാപ്്റ്റനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസിയെ നയിക്കാന്‍ കഴിവുള്ളവരാണ് മുല്ലപ്പള്ളി രാമചന്ദ്രനും പുതിയ ടീമും. മറ്റുസംസ്ഥാനങ്ങളില്‍ നടത്തിവന്ന അതേ മാതൃകയിലാണ് എഐസിസി കേരളത്തിലും വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ചത്.

കെ.മുരളീധരന്റെ പ്രവര്‍ത്തനമികവിനു പാര്‍ട്ടി നല്‍കിയ അംഗീകരമാണു പുതിയ പദവി. നേതാക്കള്‍ക്കും ഗ്രൂപ്പിനും പാര്‍ട്ടിയില്‍ പ്രസക്തിയില്ല. പാര്‍ട്ടിയാണു പ്രധാനം. പുതിയ കെപിസിസി ഭാരവാഹികളെ സംബന്ധിച്ച തീരുമാനം പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും നേതാക്കളും ചേര്‍ന്നു കൂടിയാലോചിച്ച് എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.