Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിമന്റ്സ് അഴിമതി: പി. ഉണ്ണി എംഎൽഎയും ഐഎഎസുകാരും പ്രതികളായി കുറ്റപത്രം

Balakrishnan T പി. ഉണ്ണി, ടി. ബാലകൃഷ്ണൻ.

പാലക്കാട്∙ മലബാർ സിമന്റ്സിലെ മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 10 പേരെ പ്രതി ചേർത്തു വിജിലൻസ് കുറ്റപത്രം നൽകി. സിപിഎം നേതാവായ ഒറ്റപ്പാലം എംഎൽഎ പി. ഉണ്ണിയും ഐഎഎസുകാരായ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ, ധനവകുപ്പ് മുൻ അഡീഷനൽ സെക്രട്ടറി കെ. ഗിരീഷ്കുമാർ എന്നിവരും പ്രതികളാണ്.

സർക്കാരിന് 12.96 കേ‍ാടി രൂപ നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയ അഴിമതിയിൽ സിമന്റ്സ് മുൻ ചീഫ് എൻജിനീയർ ബൈജു മാളിയേക്കൽ, പ്രേ‍ാജക്ട് എൻജിനീയർ ആർ. അജിത്കുമാർ, മുൻ എംഡി എം. സുന്ദരമൂർത്തി, ചീഫ് എൻജിനീയർ അബ്ദുൽ സമദ്, സിമന്റ്സ് മുൻ ഡയറക്ടർമാരായ ജേ‍ാസഫ് മാത്യു, എൻ.ആർ. സുബ്രഹ്മണ്യൻ, കരാർ കമ്പനിയായ ഹിമാചൽ എൻജിനീയറിങ് ആൻഡ് എൻവയൺമെന്റ് ഡയറക്ടർ എം. മനേ‍‍ാജ് ഗാർഗ് എന്നിവരാണു മറ്റു പ്രതികൾ.

ഉണ്ണി ഏഴാം പ്രതിയും ബാലകൃഷ്ണനും ഗിരീഷ് കുമാറും 9, 10 പ്രതികളുമാണ്. സിമന്റ്സ് മുൻ എംഡി കെ. പത്മകുമാറിന്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്.

2010 ജനുവരിയിൽ 5 കേ‍ാടി രൂപ ചെലവിൽ സിമന്റ്സ് ഡയറക്ടർ ബേ‍ാർഡ് അംഗീകരിച്ച പദ്ധതി 3 മാസത്തിനുള്ളിൽ നിയമവിരുദ്ധമായി 14.73 കേ‍ാടി രൂപയുടേതാക്കി ടെൻഡർ നൽകിയെന്നും വലിയ പദ്ധതിക്കു വ്യവസായ വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കിയ ഉത്തരവു ലംഘിച്ച് ബേ‍ാർഡ് ഉപസമിതിയുടെ നീക്കങ്ങൾക്കു ഡയറക്ടർ ബേ‍ാർഡ് നിയമ വിരുദ്ധമായി അംഗീകാരം നൽകിയെന്നും തൃശൂർ സ്പെഷൽ വിജിലൻസ് കേ‍ാടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

പദ്ധതി അറ്റകുറ്റപ്പണിക്കും പിന്നീടു വൻതുക ചെലവഴിക്കേണ്ടി വന്നു. വിജിലൻസ് പാലക്കാട് ഡിവൈഎസ്പി ജി. ശശിധരൻ, സിഐ പ്രവീൺകുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.