Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറസ്റ്റിൽ ദേശീയ വനിത കമ്മിഷനും പങ്ക്; വേഗം പകർന്നത് രേഖ ശർമയുടെ ഇടപെടൽ

rekha-sharma ദേശീയ വനിതാ കമ്മിഷൻ അംഗം രേഖ ശർമ. (ഫയൽ ചിത്രം: ട്വിറ്റർ)

കോട്ടയം∙ ജലന്തർ രൂപതാ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്കു നയിച്ചതിൽ ദേശീയ വനിതാ കമ്മിഷന്റെ ഇടപെടലിനും പങ്ക്. കേരളത്തിലെത്തിയ കമ്മിഷൻ, നടപടി വൈകുന്നതി‍ൽ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. കേസന്വേഷണം വേഗത്തിലാക്കണമെന്നു പഞ്ചാബിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാരോടും പൊലീസ് മേധാവികളോടും ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെടുകയും ചെയ്തു. ബിഷപ്പിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിനു വേഗം പോരെന്നു പരാതിക്കാരിയായ കന്യാസ്ത്രീയും വനിതാ സംഘടനകളും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമയോടു പരാതിപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫിസിനെ വിവരം അറിയിക്കുമെന്നു നാടുകുന്നിലെ കോൺവെന്റിലെത്തിയപ്പോൾ രേഖ ശർമ കന്യാസ്ത്രീക്ക് ഉറപ്പും നൽകി. മഠത്തിന്റെ ചുമരിലുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം നീക്കം ചെയ്യാനും കമ്മിഷൻ നിർദേശിച്ചു.

അടുത്തയിടെ പി.സി. ജോർജ് എംഎൽഎയുടെ വിവാദ പ്രസ്താവനയെ തുടർന്നാണു ദേശീയ വനിതാ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടത്. ഇതോടെ കന്യാസ്ത്രീകളിൽ ചിലർ വിഷയം പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. കൂടാതെ പീഡനാരോപണം നേരിടുന്ന ബിഷപ്പിനെ അജപാലന ചുമതലകളിൽനിന്നു മാറ്റിനിർത്താൻ മാർപാപ്പയെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കു നിവേദനം നൽകിയ വിവിധ വനിതാ സംഘടനകളുടെ ദേശീയ നേതാക്കൾ വനിതാ കമ്മിഷനെ കാണിക്കാനും തീരുമാനിച്ചു.

മോഹിനി ഗിരി (ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷ), വിനോദിനി മോസസ് (വൈഎംസിഎ), ജ്യോത്സന ചാറ്റർജി (ജെഡബ്ല്യുപി), വിർജീനിയ സൽദാന (െഎസിഡബ്ല്യുഎം), ശബ്നം ഹാഷ്മി (അൻഹദ്), ആനി രാജ (എൻഎഫ്ഐഡബ്ല്യു), ഡോ. അരുണ ജ്ഞാനദാസൻ (ദൈവശാസ്ത്രജ്ഞ), കവിത കൃഷ്ണൻ (എഐ പിഡബ്ല്യുഎ), മറിയം ദാവ്‌ലെ (എഐഡിഡബ്ല്യുഎ) തുടങ്ങിയവരാണു വനിതാ കമ്മിഷനെ വീണ്ടും കാണാൻ തീരുമാനിച്ചിരുന്നത്.

2009–ൽ ഡൽഹി അതിരൂപതാ സഹായ മെത്രാനായി

2009 ജനുവരി 18–നാണ് ഡൽഹി അതിരൂപതാ സഹായ മെത്രാനായി തൃശൂർ മറ്റം സ്വദേശി ഫാ. ഫ്രാങ്കോ മുളയ്‌ക്കലിനെ ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ നിയമിച്ചത്. ഡൽഹി അതിരൂപതയിൽ മെത്രാൻ സ്‌ഥാനത്തെത്തുന്ന പ്രഥമ മലയാളിയായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. പഞ്ചാബിലെ ജലന്തർ രൂപതയിൽ വൈദികനായി സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു സഹായമെത്രാനായുള്ള നിയമനം. 1990 ൽ ആണു വൈദികപട്ടം സ്വീകരിച്ചത്. മറ്റം ഇടവകയിൽനിന്നുള്ള രണ്ടാമത്തെ ബിഷപ്പാണ് ഫാ. ഫ്രാങ്കോ മുളയ്‌ക്കൽ. സുവർണ ജൂബിലി ആഘോഷിക്കുന്ന ഡൽഹി അതിരൂപതയുടെ പ്രഥമ മലയാളി സഹായമെത്രാനായി 2009 ഫെബ്രുവരി 21– നാണ് ചുമതലയേറ്റത്.

ജലന്തർ രൂപതയിലെ മൂന്നാമത്തെ ബിഷപ്പായിരുന്നു ഫ്രാങ്കോ. രൂപതാ വൈദികരിൽനിന്നു ബിഷപ്പായി ഉയരുന്ന ആദ്യത്തെയാളും. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ തോപ്പ് സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. നാഗ്‌പുർ സെമിനാരിയിൽ ദൈവശാസ്‌ത്രപഠനത്തിനു ശേഷം ജലന്തർ രൂപതയിൽ നിന്നു 1990ൽ വൈദികപട്ടം സ്വീകരിച്ചു. പഞ്ചാബ് ഗുരു നാനക് ദേവ് സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷ്, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും റോമിൽ നിന്നു മോറൽ തിയോളജിയിൽ ഡോക്‌ടറേറ്റും നേടി. റോമിൽ അപ്പോസ്‌തലിക് യൂണിയൻ ഓഫ് ക്ലർജിയിൽ കോഓർഡിനേറ്ററായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

സഭ പഠിപ്പിക്കുന്ന വിശ്വാസ സംഹിതകളെ ചോദ്യം ചെയ്‌ത ഡാൻബ്രൗണിന്റെ ഡാവിഞ്ചി കോഡ് ചലച്ചിത്രമായപ്പോൾ പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ടു പ്രകടനം നയിച്ചു. ചിത്രത്തിന്റെ പ്രദർശനം നിരോധിച്ച ഇന്ത്യയിലെ ആദ്യ സംസ്‌ഥാനമായി പഞ്ചാബ്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.