Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില താങ്ങാനായില്ല: മോദിയുടെ മെട്രോ യാത്രയെ പരിഹസിച്ച് കോൺഗ്രസ്

pm-on-metro മെട്രോ യാത്രക്കിടെ യാത്രക്കാരുമായി കുശലം പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ ചിത്രം

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെട്രോ യാത്രയെ പരിഹസിച്ച് കർണാടക കോൺഗ്രസ്. ഇന്ധനവില വര്‍ധന പ്രധാനമന്ത്രിയുടെ കീശയില്‍ തുള വീഴ്ത്തിയതായും അതുകൊണ്ടുതന്നെ അദ്ദേഹത്തിനു ഡൽഹി മെട്രോയില്‍ പോകുകയല്ലാതെ മറ്റുവഴികളില്ലെന്നും കോൺഗ്രസ് സംസ്ഥാന ഘടകം ട്വിറ്ററിലൂടെ പരിഹസിച്ചു.

ദ്വാരകയിലെ ഇന്ത്യ ഇന്റർനാഷനൽ കൺവെൻഷൻസ് ആന്‍ഡ് എക്സ്പോ സെന്ററിന്റെ കല്ലിടൽ ചടങ്ങിനാണു നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മെട്രോയിലെത്തിയത്. ധൗള കുവ സ്റ്റേഷനില്‍നിന്നായിരുന്നു യാത്ര. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പ്രധാനമന്ത്രി യാത്ര മെട്രോയിലേക്കു മാറ്റുകയായിരുന്നു. പെട്രോൾ, ഡീസല്‍ വിലവർധനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും പ്രധാനമന്ത്രിക്കെതിരെ വിമർശനം കടുപ്പിച്ചതിനിടെയാണ് കോൺഗ്രസ് കർണാടക ഘടകത്തിന്റെ ട്വീറ്റ്. ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ പത്തിനു രാജ്യവ്യാപകമായി ബന്ദ് നടത്തിയിരുന്നത്. താങ്കളുടെ ഭരണകാലത്തു തന്നെ പെട്രോൾ വില 100 കടക്കുമോയെന്നും കോൺഗ്രസ് പ്രധാനമന്ത്രിയോടു ചോദിച്ചു.

യുപിഎ കേന്ദ്രം ഭരിക്കുന്ന സമയത്ത് രൂപ ഹോസ്പിറ്റലിലായിരുന്നെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതുവരെയില്ലാത്തവിധം താഴ്ന്നു. പ്രധാനമന്ത്രി എവിടെയാണ്? – കോൺഗ്രസ് വക്താവ് ആർ.പി.എൻ. സിങ് പറഞ്ഞു. രാജ്യചരിത്രത്തില്‍ ആദ്യമായാണു രൂപ കൂപ്പുകുത്തിയത്. അദ്ദേഹം എന്തുകൊണ്ടാണു മിണ്ടാത്തതെന്നു ജനം ചോദിക്കുന്നു. രൂപ ഇപ്പോൾ ആശുപത്രിയിലാണോ? – അദ്ദേഹം ചോദിച്ചു.

സമ്പദ്‌‍വ്യവസ്ഥ, തൊഴിൽ, യുവജനക്ഷേമം, കാർഷിക ക്ഷേമം തുടങ്ങിയ എല്ലാ മേഖലകളിലും കേന്ദ്രസര്‍ക്കാർ പരാജയപ്പെട്ടു. ബംഗാൾ, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങൾ ജനങ്ങളുടെ ഭാരം ഒഴിവാക്കുന്നതിനു നികുതി കുറച്ചു. പക്ഷേ കേന്ദ്രസർക്കാർ എന്തുകൊണ്ട് ഇതിനു തയാറാകുന്നില്ലെന്നും കോൺഗ്രസ് ചോദിച്ചു.

related stories