Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ മാധ്യമ രംഗത്തെ പ്രമുഖരുടെ കൂട്ടായ്മയായി ഡിഎൻപിഎ

DNPA ഡിജിറ്റൽ മാധ്യമരംഗത്തെ പത്തു പ്രമുഖ സ്ഥാപനങ്ങൾചേർന്ന് രൂപീകരിച്ച ഡിജിറ്റൽ ന്യൂസ് പബ്ളിഷേഴ്സിന്റെ യോഗം ന്യൂഡൽഹിയിൽ ചേർന്നപ്പോൾ.

ന്യൂഡൽഹി∙ ഡിജിറ്റൽ മാധ്യമ രംഗത്തെ മാറ്റങ്ങൾക്കു വഴിയൊരുക്കിയ പത്ത് മാധ്യമ സ്ഥാപനങ്ങൾ ചേർന്ന് ഡിജിറ്റൽ ന്യൂസ് പബ്ളിഷേഴ്സ് അസോസിയേഷനു (ഡിഎൻപിഎ) രൂപം നൽകി. ഇന്ത്യയിൽ, ഒാൺലൈൻ വായനയുടെ എഴുപതു ശതമാനവും കയ്യാളുന്ന സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് ഡിഎൻപിഎ. കലർപ്പില്ലാത്ത, വിശ്വാസയോഗ്യമായ വാർത്തകൾ എല്ലാ ഭാഷകളിലുമുള്ള വായനക്കാരിൽ എത്തിക്കുകയും അതിരു വിടാത്ത വാർത്തകളിലുടെ മാധ്യമധർമവും മാധ്യമസ്ഥാപനങ്ങളുടെ നയസംരക്ഷണവുമാണ് സംഘടനയുടെ ലക്ഷ്യം.

അതിവേഗം വളരുന്ന ഡിജിറ്റൽ വായനാലോകത്ത്, നിലവിലും ഭാവിയിലുമുണ്ടാകുന്ന സാധ്യതകൾ, പരസ്പര സഹകരണത്തിലൂടെ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഡിഎന്‍പിഎ ആസൂത്രണം ചെയ്യും.

മലയാള മനോരമ, ദൈനിക് ഭാസ്കർ, ഇന്ത്യ ടുഡെ, എൻഡിടിവി, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഒാഫ് ഇന്ത്യ, അമർ ഉജാല, ദൈനിക് ജാഗരൺ, ഇൗ നാട് എന്നീ മാധ്യമസ്ഥാപനങ്ങളാണ് സംരംഭത്തിനു പിന്നിൽ. ഒാൺലൈൻ മീഡിയ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബോർഡിന്റെ അംഗീകാരത്തോടെ സംഘടനയിൽ അംഗങ്ങളായി ചേരാൻ കഴിയും.