Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാലിൽ അംബാനിയെ ഉൾപ്പെടുത്തിയത് ഇന്ത്യ ആവശ്യപ്പെട്ടിട്ട്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ്

France  Election Hollande

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വെളിപ്പെടുത്തൽ. റഫാല്‍ ഇടപാടിൽ അനില്‍ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഇൻഡസ്ട്രീസിനെ ഇന്ത്യയിലെ പങ്കാളിയാക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചതായി ഒലോൻദ് വെളിപ്പെടുത്തി. എന്നാൽ പ്രതിരോധ മന്ത്രാലയം ഒലോൻദിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.

ഒരു ഫ്രഞ്ച് മാധ്യമത്തിൽ വന്ന വാർത്തയിലാണ് ഒലോൻദിന്റെ പ്രസ്താവനയുള്ളത്. ഒലോൻദിന്റെ പ്രസ്താവനയെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. വാണിജ്യ തീരുമാനം സംബന്ധിച്ച് ഇന്ത്യ, ഫ്രാൻസ് സർക്കാരുകൾ തമ്മിൽ യാതൊരു സംസാരവും ഉണ്ടായിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.

അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ഇന്ത്യയിലെ ഫ്രഞ്ച് എംബസി തയാറായില്ല. റഫാൽ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ഡസോൾട്ടാണ് ഇന്ത്യയില്‍ നിന്ന് അനിൽ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തതെന്നാണു കേന്ദ്രനിലപാട്. ഇതിൽ സർക്കാരിനു യാതൊന്നും ചെയ്യാനില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ ഡ‍സോള്‍ട്ടില്‍ നിന്നാണു തങ്ങൾക്കു കരാർ ലഭിച്ചതെന്നും പ്രതിരോധ മന്ത്രാലയത്തിൽ നിന്നല്ലെന്നും റിലയൻസ് നേരത്തേ നിലപാടെടുത്തിരുന്നു.

36 വിമാനങ്ങളാണു കരാർ പ്രകാരം ഇന്ത്യയിൽ എത്തുക. 2019 സെപ്റ്റംബർ മുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തും. റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിനു പിന്തുണയുമായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം നേരത്തേ രംഗത്തെത്തിയിരുന്നു.