Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിനുള്ളിൽ ദേഹാസ്വാസ്ഥ്യം: 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരൻ

Jet Airways ജെറ്റ് എയർവേയ്സ് വിമാനത്തിലെ യാത്രക്കാര്‍ ഓക്സിജന്‍ മാസ്ക് ധരിച്ച് യാത്ര ചെയ്യുന്നു

മുംബൈ∙ കാബിനിലെ വായുമർദം നിയന്ത്രിക്കാൻ പൈലറ്റുമാർ മറന്നതിനെ തുടർന്നു യാത്രക്കാർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ ജെറ്റ് എയർവേയ്സ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു യാത്രക്കാരൻ. പണത്തിനു പുറമെ, ഇക്കണോമി ക്ലാസ് ടിക്കറ്റെടുത്താൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ കഴിയുന്ന 100 അപ്ഗ്രേഡ് വൗച്ചറുകളും നൽകണമെന്നാണു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അഞ്ചു യാത്രക്കാരിലൊരാൾ ആവശ്യപ്പെട്ടിട്ടുളളത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമാനത്തിനകത്തു നടന്ന സംഭവങ്ങളുടെ വിഡിയോ ദൃശ്യം പുറത്തുവിടുമെന്ന് ഇയാള്‍ മുന്നറിയിപ്പു നൽകിയതായും ജെറ്റ് എയർവേയ്സുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. വിമാനയാത്രയ്ക്കിടെ യാത്രക്കാർക്കു പരുക്കു പറ്റിയാൽ‌ വിമാന കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണു ചട്ടം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിമാന കമ്പനി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. അഞ്ചുദിവസത്തേക്കു വിമാനയാത്ര നടത്തരുതെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുളളതിനാൽ ഈ കാലയളവിൽ താമസ സൗകര്യം സജ്ജമാക്കണമെന്ന ഈ യാത്രക്കാരന്‍റെ ആവശ്യം തങ്ങൾ നിറവേറ്റിയതാണെന്നും ജെറ്റ് എയർവേസ് വൃത്തങ്ങൾ അറിയിച്ചു.

കാബിനിലെ വായുമർദം നിയന്ത്രിക്കാൻ പൈലറ്റുമാർ മറന്നതു മൂലം വിമാന യാത്രക്കാർക്ക് ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് ജെറ്റ് എയർവേയ്സിന്‍റെ മുംബൈ– ജയ്പൂർ വിമാനം വ്യാഴാഴ്ച മുംബൈയിൽ തിരിച്ചിറക്കിയിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാർക്കു വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി. താൽക്കാലിക കേൾവിത്തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചു പേരെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലൊരു യാത്രക്കാരനാണ് ഇപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുള്ളത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.