Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സത്യഗ്രഹത്തിന്റെ മറവില്‍ ബിജെപിയും ആര്‍എസ്എസും വര്‍ഗീയത കുത്തിയിളക്കുന്നു’

Kodiyeri Balakrishnan കോടിയേരി ബാലകൃഷ്ണൻ

കോട്ടയം∙ ജലന്തർ ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികളുടെ വകതിരിവുകേടിനെ തുറന്നുകാട്ടണമെന്നും പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

എല്ലാ വൈദികരും മോശക്കാരെന്നു വരുത്താന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു. കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സത്യഗ്രഹത്തെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. കന്യാസ്ത്രീ സമരത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണു നോട്ടം. ഇത്തരം രാഷ്ട്രീയശക്തികള്‍ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞുംതെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ തിരിച്ചറിയണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

കോടിയേരിയുടെ ലേഖനത്തിൽനിന്ന്:

സ്ത്രീസുരക്ഷയില്‍ അധിഷ്ഠിതമാണു സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നയം. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളുണ്ടായാല്‍ എത്ര സ്വാധീനവും ശക്തിയുമുള്ള ആളായാലും ഇരയോടൊപ്പമേ ഞങ്ങള്‍ നിലകൊള്ളൂ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയവും സ്ത്രീസുരക്ഷയ്ക്കു പ്രാമുഖ്യം നല്‍കുന്നതാണ്. ഈ പൊതുനയത്തിന് അപഭ്രംശം സംഭവിക്കാതെ പൊലീസിനെയും ഭരണസംവിധാനത്തെയും നയിക്കുന്നതാണു സര്‍ക്കാരിന്റെ മികവ്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസിന്റെ അന്വേഷണസംഘം ബുധനാഴ്ച ഏഴ് മണിക്കൂര്‍ ചോദ്യംചെയ്തു. ചോദ്യംചെയ്യല്‍ വ്യാഴാഴ്ചയും തുടര്‍ന്നു. ഇനി അനന്തര നിയമനടപടികളിലേക്കു കടക്കുകയാണ്. കേസ് അന്വേഷണത്തില്‍ പരിപൂര്‍ണ സ്വാതന്ത്ര്യമാണു പൊലീസിനു നല്‍കിയിട്ടുള്ളത്. പരാതിക്ക് അടിസ്ഥാനമായ സംഭവം നാലുവര്‍ഷം മുമ്പുണ്ടായതാണ്. അതുകൊണ്ടുതന്നെ നിയമപരമമായ മുന്‍കരുതലും തെളിവുശേഖരണവും കൂടുതല്‍ ജാഗ്രതയോടെയും ശാസ്ത്രീയമായും നടത്താനുള്ള ഉത്തരവാദിത്തം അന്വേഷണസംഘത്തിനുണ്ട്. തെളിവുശേഖരിക്കലും മൊഴിയെടുക്കലും ഞൊടിയിടയില്‍ നടത്താവുന്നതല്ല. അതിനാലാണു ബിഷപ്പിന്റെ അറസ്റ്റിനായുള്ള ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി, പൊലീസ് ഇതുവരെ സ്വീകരിച്ചുവന്ന നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയത്.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീ സമരത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണു നോട്ടം. ഇത്തരം രാഷ്ട്രീയശക്തികള്‍ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞുംതെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ തിരിച്ചറിയണം.

ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസില്‍ പരാതിയുമായി എത്തിയതും അവര്‍ക്കു പിന്തുണയുമായി കന്യാസ്ത്രീകള്‍ പ്രത്യക്ഷസമരത്തിനു വന്നതും സഭയില്‍ത്തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇതു മനസ്സിലാക്കി ആഭ്യന്തര ശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് ക്രൈസ്തവ സഭയ്ക്കുണ്ടെന്നു ഞങ്ങള്‍ കരുതുന്നു. സന്മാര്‍ഗ ജീവിതത്തില്‍നിന്നു വ്യതിചലിക്കുന്ന വൈദികര്‍ക്കു താക്കീതും ശിക്ഷയും നല്‍കുന്നതിനും അവരെ നേര്‍വഴിക്കു നയിക്കാന്‍ ഉപദേശവും കല്‍പ്പനയും പുറപ്പെടുവിക്കുന്നതിലും സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ധീരമായ നേതൃത്വമാണു നല്‍കുന്നത്.

ജലന്തർ ബിഷപ്പിനെതിരായി കന്യാസ്ത്രീകള്‍ നല്‍കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വര്‍ഗീയശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ് കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്നു ചിത്രീകരിക്കുന്നതു ദുരുദ്ദേശ്യപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണം. ബിഷപ്പിനെ രക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായും അതു വോട്ടു ലാക്കാക്കിയാണെന്നും ചില കൂട്ടര്‍ തട്ടിവിടുന്നുണ്ട്. സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ്‌നിയമഭരണചക്രങ്ങള്‍ ഉരുളുന്നതില്‍ ഒരു ദയാദാക്ഷിണ്യവും എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടാകില്ല.

തെളിവില്ലാത്ത കേസുകളില്‍ ആരെയും കുടുക്കുകയുമില്ല. കുറച്ചുനാള്‍ മുമ്പ് ഒരു ഹിന്ദുസന്യാസിയുമായി ബന്ധപ്പെട്ട ലൈംഗിക ആക്ഷേപമുണ്ടായി. മറച്ചുവയ്ക്കപ്പെടേണ്ട ശരീരഭാഗം ആ സന്യാസിക്കു നഷ്ടപ്പെട്ടു. അതുപോലെ ചില മുസ്‌ലിം പുരോഹിതരുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ കേസുകളുമുണ്ടായി. കൊട്ടിയൂരില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുരോഹിതനെ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

കുമ്പസാര രഹസ്യത്തിന്റെ മറവില്‍ മാനഭംഗം ചെയ്‌തെന്ന കേസില്‍ ചില വൈദികരെ അറസ്റ്റ് ചെയ്യാനും ജയിലില്‍ അടയ്ക്കാനും സര്‍ക്കാര്‍ തയാറായി. പ്രതികളുടെ ജാതിമതം നോക്കാതെ ശക്തമായ നടപടികളാണ് ഈ കേസുകളിലെല്ലാം പൊലീസ് സ്വീകരിച്ചത്. ഇതേ സമീപനമാകും ബിഷപ്പിന്റെ കാര്യത്തിലുമുണ്ടാകുക. സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ തെളിവുണ്ടെങ്കില്‍ പ്രതികള്‍ അഴിയെണ്ണുകയും നിയമനടപടിക്കു വിധേയരാകുകയും ചെയ്യും. വോട്ട് അല്ല കുറ്റത്തിന്റെ ഗൗരവവും തെളിവുമാണു നിയമനടപടിക്ക് അടിസ്ഥാനം.

ഇപ്പോഴത്തെ സംഭവവികാസങ്ങളും അതുേപാലുള്ള വിവാദങ്ങളും ഓര്‍മപ്പെടുത്തുന്ന ഒരു സംഭവമാണു യുവ ചലച്ചിത്രനടി അപമാനിക്കപ്പെട്ട കേസ്. ആ സംഭവത്തിന്റെ ആദ്യഘട്ടത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളും സ്വതന്ത്ര ബുദ്ധിജീവികളെന്ന മേലങ്കി അണിഞ്ഞവരും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ കുപ്രചാരണം മാഞ്ഞുപോകുന്നതല്ല. ആരോപണവിധേയനായ പ്രമുഖ നടനെ സര്‍ക്കാരും മുഖ്യമന്ത്രിയും രക്ഷിക്കുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍, ക്വട്ടേഷന്‍ പ്രതി പള്‍സര്‍ സുനിയെ പൊലീസ് പിടികൂടി. പിന്നാലെ നടന്‍ ദിലീപിനെ അറസ്റ്റുചെയ്തു ജയിലിലടച്ചു.

ഇതെല്ലാമാണു വസ്തുതയെന്നിരിക്കെ കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവില്‍ ബിജെപിയും ആര്‍എസ്എസും കുത്തിയിളക്കുന്ന വര്‍ഗീയതയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധതയ്ക്കും വളമിടാന്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇതു രാഷ്ട്രീയവും സാമൂഹ്യവുമായ അപഥസഞ്ചാരമാണ്. ഇത്തരം കേസുകളില്‍ രാഷ്ട്രീയ ശത്രുതയോ വൈരനിര്യാതന ബുദ്ധിയോ സര്‍ക്കാരിനില്ല. ആവശ്യമായ പരിശോധനകളും തെളിവെടുപ്പും നടത്തി അവധാനതയോടെ കൈകാര്യം ചെയ്യുകയാണു സര്‍ക്കാര്‍. അതുകൊണ്ടു ജലന്തര്‍ ബിഷപ്പിനെതിരായ പരാതി വന്നയുടനെ അറസ്റ്റുണ്ടായില്ലെന്ന ചില യുഡിഎഫ് നേതാക്കളുടെ അഭിപ്രായം അര്‍ഥശൂന്യമാണ്.