Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തിസ്ഗഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസിനെ കൈവിട്ട് മായാവതി

mayawati-jogi മായാവതി അജിത് ജോഗിക്കൊപ്പം

ന്യൂഡല്‍ഹി∙ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ മഹാസഖ്യമെന്ന കോണ്‍ഗ്രസ് മോഹങ്ങൾക്കു തിരിച്ചടിയായി ഛത്തിസ്ഗഡിലും മധ്യപ്രദേശിലും മായാവതിയുടെ അപ്രതീക്ഷിത നീക്കം. ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് വിമതന്‍ അജിത് ജോഗിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ മായാവതി, മധ്യപ്രദേശില്‍ 22 സീറ്റുകളിൽ ബിഎസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

മധ്യപ്രദേശിലെ 230 സീറ്റുകളിലും ബിഎസ്പി സ്ഥാനാര്‍ഥികളെ നിര്‍ത്താനാണു മായാവതിയുടെ തീരുമാനമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി രമാചല്‍ രാജ്ബഹര്‍ പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മായാവതി നടത്തിയ അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കി. ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതാണു മായാവതിയെ ചൊടിപ്പിച്ചത്. ബിഎസ്പി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്താണു സംഭവിക്കുന്നതെന്നു കാത്തിരുന്നു കാണാമെന്നും കോൺഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

90 അംഗ ഛത്തിസ്ഗഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 35 സീറ്റുകളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) ബാക്കി 55 സീറ്റില്‍ അജിത് ജോഗിയുടെ ജന്‍താ കോണ്‍ഗ്രസ് ഛത്തിസ്ഗഡും (ജെസിസി) മത്സരിക്കുമെന്നാണു മായാവതി പ്രഖ്യാപിച്ചത്. ജോഗിയായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മറ്റു പാര്‍ട്ടികളുമായുള്ള സഖ്യത്തിന്റെ കാര്യം ബിഎസ്പിക്കു ലഭിക്കുന്ന പരിഗണനയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നു കോണ്‍ഗ്രസ് ബന്ധത്തെ പരാമര്‍ശിച്ചു മായാവതി വ്യക്തമാക്കി. ദലിത് നേതാവായ മായാവതിയുടെ പിന്തുണയയോടെ ഛത്തിസ്ഗഡില്‍ ബിജെപിയുടെ രമണ്‍സിങ് സര്‍ക്കാരിനെ താഴെയിറക്കാമെന്നുള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഇതോടെ ഇല്ലാതായി. ഇനി സംസ്ഥാനത്തു കോണ്‍ഗ്രസ് ഒറ്റയ്ക്കു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.

മധ്യപ്രദേശില്‍ അഞ്ചു മാസമായി കോണ്‍ഗ്രസുമായി നടത്തിയ സീറ്റുവിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് 22 ബിഎസ്പി സ്ഥാനാര്‍ഥികളുടെ പട്ടിക മായാവതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രങ്ങളില്‍ പലതും മായാവതി പ്രഖ്യാപിച്ച സീറ്റുകളുടെ പട്ടികയിലുണ്ട്. ഇതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. സഖ്യസാധ്യതകള്‍ ഇനിയും മങ്ങിയിട്ടില്ലെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ആകെയുള്ള 230 സീറ്റുകളില്‍ 50 എണ്ണം ബിഎസ്പിക്കു വേണമെന്നാണു ചര്‍ച്ചയുടെ തുടക്കത്തില്‍ മായാവതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 30 സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ മഹാസഖ്യത്തില്‍ മായാവതി മുഖ്യകണ്ണിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നത്. മഹാസഖ്യത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുമെന്ന സൂചന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും നല്‍കിയിരുന്നു. പക്ഷേ മായാവതിയുടെ നീക്കം, കാര്യങ്ങൾ വിചാരിച്ചപോലെയല്ല മുന്നോട്ടുപോകുന്നത് എന്നതിന്റെ സൂചനയാണ്.