Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന വിലവർധനയ്ക്ക് ‘സ്മോൾ’ പരിഹാരം; മദ്യനികുതി കൂട്ടാൻ മുംബൈ

drunken-bike പ്രതീകാത്മക ചിത്രം.

മുംബൈ ∙ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാൻ കുറുക്കുവഴി തേടി സർക്കാർ. സംസ്ഥാനത്തെ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്സൈസ് നികുതി വർധിപ്പിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ നികുതി കുറയ്ക്കാനാണു നീക്കം. ദിനംപ്രതി ഇന്ധനങ്ങളുടെ വില ഉയർത്തുന്നതിനെതിരെ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ കടുത്ത വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.

അഞ്ചുവർഷമായി ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ സംസ്ഥാന എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ഇന്ധനത്തിന്റെ വിലകുറയ്ക്കുന്നതു മൂലമുണ്ടാകുന്ന നികുതി നഷ്ടം മദ്യത്തിന്റെ നികുതി വർധിപ്പിക്കുന്നതിലൂടെ നികത്താനാണ് ആലോചന. പ്രത്യേകിച്ചും കൂടുതൽ ചെലവുള്ള ഇടത്തരം വിലയ്ക്കുള്ള മദ്യത്തിന്റെ തീരുവ വർധിപ്പിച്ചാൽ കൂടുതൽ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തി. 

പെട്രോൾ, ഡീസലുകളെപ്പോലെ മദ്യവും ജിഎസ്ടിയിൽ ഉൾപ്പെടാത്തതു മൂലം സംസ്ഥാനത്തിനു വൻ നികുതി വരുമാനമാണു ലഭിക്കുന്നത്. അതേസമയം, ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശയൊന്നും ലഭിച്ചിട്ടില്ലെന്നു സംസ്ഥാന എക്സൈസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വൽസ നായർ സിങ് ചൂണ്ടിക്കാട്ടി.

സർക്കാർ ഉൽപാദിപ്പിക്കുന്ന നാടൻ ചാരായം, സൈനിക കാന്റീനിലെ മദ്യം എന്നിവയുടെ എക്സൈസ് തീരുവ 2015ൽ വർധിച്ചിരുന്നു. ബീയറിന്റെ തീരുവ കഴിഞ്ഞ വർഷം വർധിപ്പിച്ചു. എന്നാൽ, ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ തീരുവ 2013 നു ശേഷം ഇതുവരെ വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ധന വിലവർധനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വൻ പ്രതിഷേധമാണുള്ളത്. 

2014ലെ നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരാജയകാരണങ്ങളിലൊന്ന് അടിക്കടി ഉയർന്ന ഇന്ധനവിലയായിരുന്നു. അ‍ടുത്ത വർഷം നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, ഇന്ധന വില നിയന്ത്രിക്കാൻ സർക്കാർ നിർബന്ധിതരാകും.  ‌

പെട്രോൾ വില വീണ്ടും കൂടി

മുംബൈ ∙ നഗരത്തിലെ പെട്രോൾ വില ആറു പൈസ കൂടി 89.60 രൂപയിൽ എത്തി. ഡീസൽ വിലയിൽ മാറ്റമില്ല-78.42 രൂപ.