Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മുല്ലപ്പൂമണമുള്ള’ ജയിൽ; തടവുകാർക്ക് ദിവസ വരുമാനം 450 രൂപ

tihar-haat തിഹാർ ഹാട്ടിനു സമീപം ജയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന തിഹാർ എംപോറിയ.

ചിത്രകാരൻ തിഹാർ ജയിലിലാണ്. ചിത്രം വരച്ചത് തടവറയ്ക്കുള്ളിൽ നിന്ന്. ചിത്രം വിൽക്കുന്നത് ജയിൽപുള്ളികൾ. തടവറയ്ക്കുള്ളിലെ ജീവിതങ്ങളുടെ കാണാപ്പുറങ്ങൾ ഈ ചിത്രങ്ങളിൽ നിഴലിടുന്നുണ്ടാവാം. ചായക്കൂട്ടുകളിൽ പശ്ചാത്താപത്തിന്റെ കണ്ണീരുപ്പ് അലിഞ്ഞു ചേർന്നിട്ടുണ്ടാവാം. തിഹാർ ജയിൽ വളപ്പിലുള്ള തിഹാർ ഹാട്ട് വേറിട്ടൊരു സ്ഥാപനമാണ്. ഇവിടെ വിൽപനയ്ക്കുള്ളത് ജയിൽ ഉൽപന്നങ്ങളും. തിഹാർ ഹാട്ടിലെ ജീവനക്കാരിൽ തടവുകാരുണ്ട്, തടവുശിക്ഷ പൂർത്തിയാക്കിയവരുമുണ്ട്.

തടവുകാർ നിർമിച്ച ഉൽപന്നങ്ങൾ മിതമായ വിലയിൽ ലഭിക്കുന്നു. തടവുകാരുടെ സാമ്പത്തിക–സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി നിരവധി പേർക്കു തുറന്നുകൊടുത്തത് പുതിയൊരു ജീവിതവും തൊഴിൽപരമായ സ്വയംപര്യാപ്തതയുമാണ്. ഉൽപന്നങ്ങളിൽ വൈവിധ്യമേറെയാണ്. മുല്ലപ്പൂമണവും ചന്ദനസുഗന്ധവും പരത്തുന്ന ബോഡി സ്പ്രേ മുതൽ ഷർട്ടുകൾ, കുർത്ത, ബെഡ്ഷീറ്റ്, കമ്പിളിപ്പുതപ്പ്, തുണിയും ചണവും കൊണ്ടുണ്ടാക്കിയ മനോഹരമായ സഞ്ചികൾ, ലേഡീസ് ഹാൻഡ് ബാഗ്, ചണത്തിന്റെ ലാപ്ടോപ് ബാഗ്, ലഞ്ച് ബോക്സ്, ചന്ദനത്തിരികൾ, പൂജാ സാമഗ്രികൾ, ലിക്വിഡ് ഹാൻഡ് വാഷ്, സോപ്പുകൾ, ടോയ്‍ലറ്റ് ക്ലീനർ എന്നിങ്ങനെ നീളുന്നു ഉൽപന്നങ്ങളുടെ നിര. വിവിധതരം സുഗന്ധവ്യഞ്ജന പൊടികൾ, മസാലകൾ, ഓട്ട്സ്, കുക്കീസ്, എള്ളെണ്ണ, മധുരപലഹാരങ്ങൾ എന്നിവയും ലഭ്യമാണ്. ഷർട്ടുകൾ, കുർത്ത എന്നിവയ്ക്ക് 380 മുതൽ 620 രൂപവരെയാണു വില.


തിഹാർ ഹട്ടിലെത്തുന്നവരുടെ ശ്രദ്ധ ആദ്യം പതിയുക തടവുകാർ വരച്ച ചിത്രങ്ങളിലാണ്. മുറിയിൽ നിരത്തിവച്ചിരിക്കുന്ന ഇവയ്ക്ക് 1500 രൂപ മുതൽ 7000 രൂപവരെയാണു വില. വേട്ടക്കാരായ അമ്മയും മകനും, വിശ്രമിക്കുന്ന സിംഹം, കഴുകൻ, നൃത്തം ചെയ്യുന്ന പെൺകുട്ടികൾ, മൺകുടമേന്തിയ യുവതി, ആരെയോ കാത്തിരിക്കുന്ന സുന്ദരി എന്നീ ചിത്രങ്ങൾ വേറിട്ടു നിൽക്കുന്നു. ചിത്രങ്ങളുടെ താഴെ ചിത്രകാരൻമാരുടെ പേരുകൾ ചെറുതായി കാണാം. ഇവർ ഒരുപക്ഷേ ഇപ്പോഴും ജയിലറയ്ക്കുള്ളിലുണ്ടാവും. അല്ലെങ്കിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ടാവും. ഇത്തരം വിശദാംശങ്ങളൊന്നും പങ്കുവയ്ക്കാൻ കടയുടെ ചുമതലയുള്ള ജയിൽ ഉദ്യോഗ്സഥൻ സുശീൽ തയാറല്ല.

കടയിലെ ജീവനക്കാരായ രണ്ടുപേരും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരാണ്. ഇവരോട് ഇതുസംബന്ധിച്ച് ഒന്നും ചോദിക്കരുതെന്ന് സുശീൽ പ്രത്യേകം പറഞ്ഞു. കുറ്റവാളിയുടെ പൂർവചരിത്രം തിഹാർ ഹാട്ടിൽ പ്രസക്തമല്ല. അവർക്കു പുതിയൊരു ജീവിതം നൽകാനാവുമോയെന്ന പരീക്ഷണമാണ് ഈ പ്രസ്ഥാനം. തിഹാർ ഹാട്ടിൽ മാസം രണ്ടുലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ടെന്നാണ് നടത്തിപ്പുകാർ പറയുന്നത്. ഡൽഹിയിൽ ആകെ ഇത്തരം 12 കടകളാണുള്ളത്. ഈ കടകളിൽ കഴിഞ്ഞ 12 വർഷമായി ജീവപര്യന്തം തടവുകാരും തുറന്ന ജയിലിലെ തടവുകാരും ജോലി ചെയ്യുന്നുണ്ട്.

ജീവനക്കാർക്ക് മാസം ഏകദേശം 4000 രൂപ ശമ്പളം. ഈ പണം ഇവരുടെ അക്കൗണ്ടിൽ സൂക്ഷിക്കും. ശിക്ഷാ കാലാവധി കഴിയുമ്പോൾ നൽകും. തിഹാർ ഹാട്ടിനു കുറച്ചകലെയുള്ള ‘തിഹാർ എംപോറിയ’ എന്ന സ്ഥാപനവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ബഹുരാഷ്ട്ര കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ഒരു തടവുകാരനും ഇവിടെ ജീവനക്കാരനാണ്. തടവുകാരുടെ മൊത്തത്തിലുള്ള പെരുമാറ്റവും പൂർവ ചരിത്രവുമൊക്കെ വിശദമായി പരിശോധിച്ചാണ് കടകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ജയിലിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്റർവ്യൂ ചെയ്തതിനു ശേഷമാണ് തിരഞ്ഞെടുപ്പ്.

ജയിലിനുള്ളിലെ സിജെ–2, സിജെ–4 എന്നീ ബ്ലോക്കുകളിലാണ് ഉൽപന്നങ്ങളുടെ നിർമാണം നടക്കുന്നത്. പുറത്തുനിന്നുള്ള വിദഗ്ധരെത്തിയാണ് ഉൽപന്ന നിർമാണത്തിൽ തടവുകാർക്ക് പരിശീലനം നൽകുന്നത്. പാചകത്തിൽ വൈദഗ്ധ്യമുള്ളവർക്ക് അത്തരം പരിശീലനവും നൽകുന്നുണ്ട്. ദിവസം 350– 450 രൂപയാണ് പ്രതിഫലമായി തടവുകാർക്ക് ലഭിക്കുന്നത്. കൂടുതൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ തുക കിട്ടും. മാസം കുറഞ്ഞത് 6000 രൂപവരെ തടവുകാർ ഇതിലൂടെ സമ്പാദിക്കുന്നുണ്ട്.

പാചകത്തിൽ പരിശീലനം നേടിയവർക്കു ജോലി നൽകാൻ തിഹാർ ഹാട്ടിനു സമീപം കുറച്ചുനാൾ മുൻപ് ഒരു ഹോട്ടൽ തുറന്നെങ്കിലും താമസിയാതെ അടച്ചു. പരിശീലനം നേടിയവർ ശിക്ഷ കഴിയുന്നതോടെ മറ്റുസ്ഥലങ്ങളിൽ ജോലിക്കു പോയതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നത്. പുറത്തു നിന്നുള്ള ഷെഫിന്റെ മേൽനോട്ടത്തിൽ തടവുകാരെ നിയമിച്ച് വീണ്ടും ഹോട്ടൽ തുറക്കാനുള്ള ശ്രമത്തിലാണ് തിഹാർ ജയിൽ അധികൃതർ.