Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരള നിർമാണം; 25,050 കോടി വേണമെന്നു ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ

kozhikode-world-bank-team ലോക ബാങ്ക് സംഘം കോഴിക്കോട് പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ.

തിരുവനന്തപുരം∙ പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കേരളത്തിലുണ്ടായ നഷ്ടങ്ങളിൽ വിവിധ മേഖലകളുടെ പുനര്‍നിര്‍മാണത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്നു ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസിനു റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ ലോകബാങ്കിന്റേയും എഡിബിയുടെയും സംഘങ്ങൾ സന്ദർശിച്ചു വരുകയായിരുന്നു. വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കലക്ടർമാർ എന്നിവരുമായി‌ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ദേശീയ–സംസ്ഥാന പാതകളുടെ പുനര്‍നിര്‍മാണത്തിന് 8550 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് 5216 കോടി രൂപയും ജീവനോപാധി പുനസ്ഥാപിക്കുന്നതിന് 3801 കോടി രൂപയും വേണ്ടി വരുമെന്നു റിപ്പോർട്ടിൽ പറയുന്നു. വീടുകളുടെ പുനര്‍നിര്‍മാണത്തിന് 2534 കോടി രൂപയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി 2093 കോടി രൂപയും വേണ്ടിവരുമെന്നു കണക്കാക്കുന്നു.

ജലവിഭവം, പൊതുകെട്ടിടങ്ങൾ, ആരോഗ്യം, പരിസ്ഥിതി, സാംസ്‌കാരിക പൈതൃകം എന്നിവ പുനസ്ഥാപിക്കുന്നതിനാവശ്യമായ തുകയും വിലയിരുത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ ചീഫ് സെക്രട്ടറി ഭേദഗതികൾ നിർദ്ദേശിച്ചു. ഇതുകൂടി ഉൾപ്പെടുത്തി ഒക്‌ടോബർ ഒന്നിന് അന്തിമ റിപ്പോർട്ട് നൽകും. ലോകബാങ്കിന്റേയും എഡിബിയുടെയും 28 അംഗ സംഘമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.

related stories