Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയുമായുള്ള ആയുധ ഇടപാടിന് ട്രംപിന്റെ ഉപരോധം; ‘അനുഭവിക്കേണ്ടി’ വരുമെന്ന് ചൈന

Russia-China-Fighter-Jet-Sukhoi റഷ്യയുടെ എസ്‌യു–27 ഫൈറ്റർ ജെറ്റുകളുടെ അഭ്യാസ പ്രകടനം ചൈനയിൽ നടന്നപ്പോൾ വീക്ഷിക്കുന്നവർ (ഫയൽ ചിത്രം)

ബെയ്ജിങ്∙ ചൈനയും റഷ്യയും തമ്മിലുള്ള പ്രതിരോധ ഇടപാടിന് ഉപരോധമേർപ്പെടുത്തിയ യുഎസിന് ചൈനയുടെ കനത്ത ഭീഷണി. ഫൈറ്റർ ജെറ്റുകളും മിസൈൽ സംവിധാനങ്ങളും റഷ്യയിൽ നിന്നു വാങ്ങുന്നതു തടയും വിധം മിലിട്ടറി യൂണിറ്റിന് ഉപരോധമേർപ്പെടുത്തിയതാണു ചൈനയെ ചൊടിപ്പിച്ചത്. സംഭവത്തിൽ യുഎസ് അംബാസഡറെ വിളിച്ചു വരുത്തി ചൈന ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. ഉപരോധം പിൻവലിച്ചില്ലെങ്കിൽ യുഎസ് പ്രത്യാഘാതം ‘അനുഭവിക്കേണ്ടി’ വരുമെന്നും ചൈന വ്യക്തമാക്കി. ഇരുവിഭാഗവും തമ്മിലുള്ള ‘സംഘർഷം’ ശക്തമായ സാഹചര്യത്തിൽ വാഷിങ്ടനിലേക്കു പ്രതിനിധിയെ അയയ്ക്കാനിരുന്ന തീരുമാനവും ചൈന റദ്ദാക്കി. 

ചൈനീസ് ഉൽപന്നങ്ങൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം കനത്ത തീരുവ ചുമത്തിയ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയ്ക്കു ചർച്ചകളിലൂടെ പരിഹാരം കാണാൻ വേണ്ടിയായിരുന്നു ചൈനീസ് ഉപ പ്രധാനമന്ത്രി ലിയോ ഹായെ യുഎസിലേക്കയ്ക്കാൻ ചൈന തീരുമാനിച്ചത്. ഇതിനിടെ ചൈനീസ് സൈനിക വിഭാഗത്തിലെ എക്യുപ്മെന്റ് ഡവലപ്മെന്റ് ഡിപാർട്ട്മെന്റിനും (ഇഡിഡി) അതിന്റെ തലവൻ ലി ഷാങ്ഫുവിനും യുഎസ് ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. റഷ്യയുടെ പ്രധാന ആയുധ കയറ്റുമതിക്കാരുമായി ‘നിർണായക ഇടപാട്’ ഷാങ്ഫുവിന്റെ വകുപ്പ് നടത്തിയതാണ് യുഎസിന്റെ നീക്കത്തിനു കാരണം. 

റഷ്യയിൽ നിന്ന് സുഖോയ് എസ്‌യു–35 ഫൈറ്റർ ജെറ്റുകളും ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് അയയ്ക്കാവുന്ന എസ്–400 മിൈസലുകളും വാങ്ങാനായിരുന്നു ഇഡിഡി തീരുമാനം. ചൈനീസ് പ്രതിരോധ വകുപ്പിനു കീഴിലാണ് ഇഡിഡി പ്രവർത്തിക്കുന്നത്. എന്നാൽ റഷ്യയുടെ മേൽ യുഎസ് ചുമത്തിയിരിക്കുന്ന ഉപരോധത്തെ ഖണ്ഡിക്കുന്നതാണു ചൈനീസ് തീരുമാനമെന്ന് യുഎസ് പറയുന്നു.

കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാംക്‌ഷൻസ് ആക്ട് (സിഎഎടിഎസ്എ–2017) പ്രകാരമാണ് യുഎസിന്റെ നടപടി. ക്രൈമിയ പിടിച്ചെടുക്കാനുള്ള നീക്കത്തിനും സൈബർ ആക്രമണത്തിനും ഉൾപ്പെടെ റഷ്യയ്ക്കുള്ള ‘ശിക്ഷാനടപടി’യുടെ ഭാഗമായാണ് യുഎസ് ഈ നിയമം കൊണ്ടുവന്നത്. എന്നാൽ ഇതാദ്യമായാണ് ഈ നിയമം റഷ്യയല്ലാതെ മറ്റൊരു രാജ്യത്തിനു നേരെ യുഎസ് പ്രയോഗിക്കുന്നത്. 

സൈന്യവും ‘രോഷത്തിൽ’

ഒന്നുകിൽ നടപടി നീക്കുക, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ ഒരുങ്ങുക എന്നായിരുന്നു ഇക്കാര്യത്തിൽ ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് യുഎസിനു മുന്നറിയിപ്പു നൽകിയത്. ചൈനീസ് സൈന്യവും സംഭവത്തിൽ അതീവരോഷം പ്രകടിപ്പിച്ചിട്ടുണ്ട്. പരമാധികാരമുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ രാജ്യാന്തര നിയമപ്രകാരമുള്ള ഇടപാടുകളാണു ചൈനയും റഷ്യയും നടത്തിയിരുന്നതെന്ന് നാഷനൽ ഡിഫൻസ് മന്ത്രാലയം വക്താവ് പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാൻ യുഎസിനു യാതൊരു അവകാശവുമില്ല.

Russian Su-27 fighter jets റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയിലെ ചിബർക്കുളിൽ നടത്തിയ സംയുക്ത വ്യോമാഭ്യാസ പ്രകടനത്തിൽ നിന്ന് (ഫയൽ ചിത്രം)

രാജ്യാന്തര ബന്ധങ്ങളെ ഇടിച്ചുതാഴ്ത്തും വിധമാണ് യുഎസിന്റെ പ്രവർത്തനം. ആധിപത്യം പ്രകടിപ്പിച്ചുള്ള ഇത്തരം നീക്കങ്ങൾ രണ്ടു രാജ്യങ്ങൾ തമ്മിലും അവിടത്തെ സൈന്യം തമ്മിലുമുള്ള ബന്ധത്തിൽ ഗുരുതരമായ വിധം കോട്ടം തട്ടാനിടയാക്കും. ഉപരോധം പിൻവലിച്ചില്ലെങ്കിൽ യുഎസ് അനന്തരഫലം അനുഭവിക്കണമെന്ന ഭീഷണി സൈന്യവും മുന്നോട്ടുവച്ചിട്ടുണ്ട്. 

തിങ്കളും ചൊവ്വയുമായിരുന്നു ലിയോ ഹായുടെ യുഎസ് സന്ദർശനം തീരുമാനിച്ചിരുന്നത്. എന്നാൽ ചൈനീസ് ഉല്‍പന്നങ്ങൾക്കു മേൽ തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് യുഎസിന്റേതായുള്ള ‘പിശകുകൾ’ തിരുത്തിയാൽ മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂവെന്നാണു ചൈനയുടെ തീരുമാനം. യുഎസിൽ നിന്നു ചൈനയിലേക്കുള്ള 20,000 കോടി ഡോളർ മൂല്യമുള്ള ഉൽപന്നങ്ങളുടെ മേൽ കനത്ത തീരുവയാണ് ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളിൽ പകുതിയോളം എണ്ണത്തിലും പത്തു ശതമാനത്തിന്റെ തീരുവ വർധനയാണു തിങ്കളാഴ്ച മുതൽ നിലവിൽ വരിക. ഇതിനു പകരമായി യുഎസിൽ നിന്ന് കയറ്റി അയയ്ക്കുന്ന 6000 കോടി ഡോളർ മൂല്യമുള്ള ഉൽപന്നങ്ങളിൽ ചൈനയും തീരുവ കൂട്ടിയിട്ടുണ്ട്. 

എന്നാൽ ഇത്തരം പ്രതികാര നടപടി തുടരുകയാണെങ്കിൽ തീരുവ ഇനിയും കൂട്ടുമെന്നാണു ട്രംപിന്റെ ഭീഷണി. അടുത്ത ഘട്ടത്തിൽ 26,700 കോടി ഡോളർ മൂല്യമുള്ള ഉൽപന്നങ്ങളിലായിരിക്കും ‘തീരുവ പ്രയോഗം’. ഇതോടെ ചൈനയിൽ നിന്ന് യുഎസിലേക്കുള്ള ഏകദേശം എല്ലാ ഉൽപന്നങ്ങളിലും കനത്ത തീരുവ ചുമത്തപ്പെടും. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനകൾ ഫലം ചെയ്യില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്.

ചൈനീസ് ഉൽപന്നങ്ങളുടെ മേൽ കനത്ത തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം തന്നെ യുഎസ് കൂടിക്കാഴ്ചയ്ക്കു തയാറല്ലെന്നു വ്യക്തമാക്കുന്നതാണെന്നും വിദഗ്ധർ പറയുന്നു. അതിനിടെയാണ് സംഘർഷം പരസ്പരമുള്ള പോർവിളിയിലേക്കു നയിക്കും വിധം റഷ്യ–ചൈന ആയുധ കരാറിലുള്ള യുഎസിന്റെ ഇടപെടലും.