Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനോടു കളിച്ചാൽ ട്രംപിനു സദ്ദാം ഹുസൈന്റെ അതേ വിധി: ഹസൻ റൂഹാനി

Hassan-Rouhani-Donald-Trump.jpg.image.784.410 ഡോണൾഡ് ട്രംപ്, ഹസൻ റൂഹാനി

ദുബായ്∙ ഇറാനുമായി ‘ഏറ്റുമുട്ടലിനാണ്’ യുഎസിന്റെ നീക്കമെങ്കിൽ സദ്ദാം ഹുസൈനു സംഭവിച്ചതു പോലുള്ള വിധിയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കാത്തിരിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാനും ഇറാഖും തമ്മിൽ നടന്ന യുദ്ധത്തെ ചൂണ്ടിക്കാട്ടിയായിരുന്നു റൂഹാനിയുടെ പരാമർശം. രാജ്യത്തെ ഒരു മിസൈലു പോലും നശിപ്പിക്കില്ല. യുഎസിനെ ‘ചൊടിപ്പിക്കുന്ന’ ആയുധങ്ങൾ ഉൾപ്പെടെയാണിതെന്നും റൂഹാനി ദേശീയ ടെലിവിഷനിലെ പ്രഭാഷണത്തിൽ വ്യക്തമാക്കി.

ഇക്കഴിഞ്ഞ മേയിൽ ഇറാനുമായുള്ള നിർണായക ആണവ കരാറിൽ നിന്ന് യുഎസ് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം മുതൽ വ്യാപാര ഉപരോധം ഉള്‍പ്പെടെ ഇറാനു മേൽ ഏർപ്പെടുത്തിയിരിക്കുകയാണ് യുഎസ്. റൂഹാനിയുടെ പ്രസംഗത്തിനു പിന്നാലെ പ്രകോപനപരമായ നടപടികളും ഇറാൻ ആരംഭിച്ചിട്ടുണ്ട്.

ഇറാൻ–ഇറാഖ് യുദ്ധം ആരംഭിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് ഗൾഫ് സമുദ്ര മേഖലയിൽ ഇറാൻ കഴിഞ്ഞദിവസം തങ്ങളുടെ നാവികശക്തി പ്രകടിപ്പിച്ചിരുന്നു. യുഎസിനോടുള്ള പ്രതികാരനടപടിയുടെ ഭാഗമായി ആവശ്യമെങ്കിൽ ഗൾഫ് മേഖലയിലൂടെയുള്ള മറ്റു രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയും തടയും. ഇതിന് ആയുധപ്രയോഗത്തിനും മടിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

എന്നാൽ ഇറാനെ പ്രതിരോധിക്കാനായി ഗൾഫ് മേഖലയിൽ യുഎസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എണ്ണവിതരണക്കപ്പലുകൾ സഞ്ചരിക്കുന്ന പ്രധാന പാതയിലാണിത്. ഇക്കഴിഞ്ഞ ശനിയാഴ്ച ബന്ദർ അബ്ബാസ് തുറമുഖത്തു നടന്ന നാവിക പ്രകടനത്തിൽ ഇറാന്റെ ഏകദേശം അറുനൂറോളം കപ്പലുകളാണ് പങ്കെടുത്തത്.