Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷേധിച്ചും എതിർത്തും ബിഷപ്; തെളിവുകൾ നിരത്തി പൊലീസ്: വാദങ്ങള്‍ പൊളിഞ്ഞത് ഇങ്ങനെ

Bishop-Franco-Mulakkal-12 ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി∙ പൊലീസിന്റെ രണ്ടാം ഘട്ട തെളിവുശേഖരണവും സ്വന്തം മൊഴിയുമാണ് ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു തിരിച്ചടിയായതെന്നു വിലയിരുത്തൽ. ആദ്യദിവസം ചോദ്യങ്ങളോടു നിഷേധാത്മക നിലപാടു സ്വീകരിച്ച ബിഷപ്പിനെ മറുതെളിവുകൾ നിരത്തിയാണു രണ്ടാം ദിനം അന്വേഷണസംഘം നേരിട്ടത്. കന്യാസ്ത്രീയുടെ പരാതിക്കു കാരണം അച്ചടക്ക നടപടിയാണെന്നും ആരോപണവും തെളിവുകൾ നിരത്തി പൊളിച്ചു.

ബിഷപ്പിന്റെ പ്രധാന വാദങ്ങളും അവയെ നേരിട്ട രീതിയും:

∙ പരാതിക്ക് ആധാരം അച്ചടക്കനടപടി

2017 മേയില്‍ അച്ചടക്കനടപടി എടുത്തതിനെതുടര്‍ന്നു തന്നോടു പകവീട്ടുകയാണു കന്യാസ്ത്രീ എന്നായിരുന്നു ബിഷപ്പിന്റെ പ്രധാനവാദം. എന്നാല്‍ 2016 സെപ്റ്റംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് ഏതാനും വൈദികരോടും ഇക്കാര്യം പറഞ്ഞിരുന്നു.

∙ പീഡനം നടന്ന ദിവസം മറ്റൊരിടത്ത്

പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ താമസിച്ചിട്ടില്ലെന്നും അന്നു താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നും ബിഷപ്പ് വാദിച്ചു. എന്നാല്‍ കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ ബിഷപ്പ് വന്നതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി. മുതലക്കോടം മഠത്തില്‍ ബിഷപ്പ് താമസിച്ചിതായി രേഖകളില്ല. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീ ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് മൊഴിയും നല്‍കി.

∙ മിഷനറീസ് ഓഫ് ജീസസിൽ ഇടപെടാറില്ല

സ്വയം ഭരണസ്ഥാപനമായ മിഷനറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്തര്‍ രൂപത ഇടപെടാറില്ലെന്നു വാദിച്ച ബിഷപ്പ് താന്‍ ആത്മീയ ഗുരുമാത്രമായിരുന്നു എന്നും മദര്‍ ജനറാളിനാണ് പൂര്‍ണ ചുമതലയെന്നും പറഞ്ഞു. ഈ വാദവും പൊലീസ് പൊളിച്ചടുക്കി. കന്യാസ്ത്രീകൾക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ചു തനിക്കു റിപ്പോർട്ട് ചെയ്യണമെന്നും കാണിച്ച് ബിഷപ്പ് മദർ ജനറാളിന് അയച്ച കത്തും നടപടി വൈകിയപ്പോൾ മദർ ജനറാളിനെ ഓർമപ്പെടുത്തിയ കത്തും ഇതിനു തെളിവായി.

∙ ആദ്യപരാതികളിൽ പീഡനആരോപണം ഇല്ല

കന്യാസ്ത്രീ നൽകിയ ആദ്യ പരാതികളില്‍ ലൈംഗിക പീഡനം എന്നു പറഞ്ഞിട്ടില്ലെന്ന് തുടര്‍ന്ന് ബിഷപ്പ് വാദിച്ചു. എന്നാല്‍ ആദ്യ പരാതികള്‍ മറ്റൊരാള്‍ വഴിയാണു നല്‍കിയതെന്നു പറഞ്ഞ പൊലീസ് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണു പീ‍ഡനകാര്യം മറച്ചുവച്ചതെന്നും മേലധികാരികളോടു പീഡനം നടന്നു എന്നു തുറന്നുപറഞ്ഞതായും വ്യക്തമാക്കി.

∙ കന്യാസ്ത്രീയെ അറിയില്ല

ചോദ്യങ്ങളിൽ ഉത്തരംമുട്ടിയതോടെ ബിഷപ്പ് കന്യാസ്ത്രീയെ അറിയില്ലെന്നും പറഞ്ഞു. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദിസാ ചടങ്ങിന് ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയും വിഡിയോയും പുറത്തുവിട്ട് ഒടുവിലത്തെ വാദവും പൊലീസ് പൊളിച്ചു.  

related stories