Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച്: സംഘടനകളുടെ തർക്കം തുടരവെ ഔദ്യോഗിക കണക്കുകൾ പുറത്ത്

Kerala Secretariat കേരള സെക്രട്ടേറിയറ്റ്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് വിസമ്മതപത്രം നല്‍കിയവരുടെ കണക്കുകൾ സംബന്ധിച്ച് പ്രതിപക്ഷ–ഭരണപക്ഷ സംഘടനകൾ തമ്മിൽ തർക്കം തുടരവെ ഒൗദ്യോഗിക കണക്കുകൾ പുറത്തുവന്നു. ഇതനുസരിച്ച് സെക്രട്ടേറിയറ്റിലെ 4525 ജീവനക്കാരില്‍ 698 പേരാണ് വിസമ്മതപത്രം നല്‍കിയത്. പൊതുഭരണവകുപ്പില്‍ 516, നിയമസഭാ സെക്രട്ടേറിയറ്റില്‍ 39, ധനകാര്യവകുപ്പില്‍ 143 എന്നിങ്ങനെയാണു വിസമ്മതപത്രം നല്‍കിയവരുടെ ഒൗദ്യോഗിക കണക്കുകൾ. സാലറി ചാലഞ്ച് അനുസരിച്ചു ശമ്പളം നല്‍കാനുള്ള അവസാന തീയതി ഇന്നായിരുന്നു.

പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ കണക്കനുസരിച്ച് സെക്രട്ടേറിയറ്റിലെ 5750 ജീവനക്കാരില്‍ 1600 പേരാണ് വിസമ്മതപത്രം നല്‍കിയത്. പൊതുഭരണവകുപ്പില്‍ 750 , നിയമസഭാ സെക്രട്ടേറിയറ്റില്‍ 420, ധനകാര്യവകുപ്പില്‍ 200 എന്നിങ്ങനെയാണു വിസമ്മതപത്രം നല്‍കിയവരുടെ കണക്കെന്നു പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെടുന്നു.

ഈ കണക്കുകള്‍ െതറ്റാണെന്നും ഭൂരിപക്ഷം ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കെടുത്ത് ശമ്പളത്തില്‍നിന്നുള്ള വിഹിതം നല്‍കിയതായും ഭരണപക്ഷ സംഘടനകള്‍ അവകാശപ്പെട്ടിരുന്നു. തിങ്കളാഴ്ച ശരിയായ കണക്കുകള്‍ പുറത്തുവിടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ സാലറി ചാലഞ്ചിന് ജീവനക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. എയ്ഡഡ് സ്കൂള്‍ ജീവനക്കാരാണ് അധികം സഹകരിക്കാതിരുന്നത്. ഇന്നു വിസമ്മത പത്രം നല്‍കാത്ത എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളം ദുരിതാശ്വാസനിധിയിലേക്കു പിടിക്കുമെന്നും ഐസക് പറഞ്ഞു.

നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന നിര്‍ദേശം സെപ്റ്റംബര്‍ 11നാണു പുറത്തിറങ്ങിയത്. താല്‍പര്യമില്ലാത്തവര്‍ വിസമ്മത പത്രം ഒപ്പിട്ടു നല്‍കണമെന്ന നിര്‍ദേശമാണു വിവാദമായത്.

related stories