Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി അഴിമതിക്കാരൻ; അംബാനിക്കു നൽകിയത് 30,000 കോടി: രാഹുൽ ഗാന്ധി

rahul-modi രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി

ന്യൂഡൽഹി∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ ഫ്രാൻസ് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് പറഞ്ഞത് സത്യമാണോ കള്ളമാണോ എന്ന് പ്രധാനമന്ത്രി പറയണമെന്ന് ഡൽഹിയിൽ വാര്‍ത്താ സമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നു തെളിഞ്ഞിരിക്കുന്നു. മുൻ ഫ്രഞ്ച് പ്രസിഡന്റ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചു. എന്നിട്ടും അദ്ദേഹം ഇപ്പോഴും മൗനത്തിലാണ്. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനായിരിക്കുന്നു. റഫാൽ‌ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോദി അംബാനിക്കു നൽകിയത്. രാജ്യത്തെ സൈനികരുടെ കീശയിൽ നിന്നെടുത്ത പണമാണ് ഇതെന്നും രാഹുൽ‌ ആരോപിച്ചു. 

കേന്ദ്രമന്ത്രിസഭയിലെ എല്ലാവരും ഒന്നിനുപുറകെ ഒന്നായി കള്ളത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ഇന്ത്യയുടെ താൽപര്യപ്രകാരമാണ് റിലയൻസ് കമ്പനിയെ റഫാൽ ഇടപാടിൽ പങ്കാളിയാക്കിയതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചിരിക്കുന്നത്. 

ഇന്ത്യയുടെ ആത്മാവിനെ മോദി വഞ്ചിച്ചിരിക്കുകയാണെന്നും രാഹുൽ‌ നേരത്തേ പ്രതികരിച്ചിരുന്നു. 'പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ സേനകളുടെ മേല്‍ 1.3 ലക്ഷം കോടിയുടെ മിന്നലാക്രമണം നടത്തിയിരിക്കുകയാണ്. മോദി ജി, രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ചോരയെയാണ് അപമാനിച്ചിരിക്കുന്നത്. താങ്കളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ഇന്ത്യയുടെ ആത്മാവിനെയാണ് താങ്കള്‍ വഞ്ചിച്ചിരിക്കുന്നത് ' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

റഫാല്‍ ഉടമ്പടിയെ കുറിച്ച് അന്വേഷണത്തിന് ഫ്രാന്‍സ് സര്‍ക്കാര്‍ തയാറായേക്കുമെന്നാണ് അറിയുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ഫ്രാന്‍സ്വ ഒലോന്‍ദും ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകാമെന്നും ഇത് പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും ഫ്രാന്‍സ് സര്‍ക്കാരിന് അറിയാമെന്ന് തിവാരി ട്വീറ്റ് ചെയ്തു.