Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലയന്‍സിനെ നിശ്ചയിച്ചതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ്; സ്വന്തം തീരുമാനമെന്ന് ഡാസോ

Rafale Fighter Plane

ന്യൂഡല്‍ഹി∙ റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ ഇന്ത്യന്‍ പങ്കാളിയായി നിശ്ചയിച്ചതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഫ്രഞ്ച്് സര്‍ക്കാര്‍. ഇന്ത്യയിലെ ഏതു കമ്പനിയുമായി സഹകരിക്കണമെന്നു തീരുമാനിക്കാന്‍ ഫ്രാന്‍സിലെ കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്രമുണ്ടെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ ഇന്ത്യയിലെ പങ്കാളിയാക്കിയത് തങ്ങളുടെ സ്വന്തം നിലയിലുള്ള തീരുമാനമാണെന്ന് റഫാല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷനും അറിയിച്ചു.

മോദി സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ ഇന്ത്യയിലെ പങ്കാളികളാക്കിയതെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിന്റെ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഫ്രഞ്ച്് സര്‍ക്കാരും ഡാസോയും വിശദീകരണവുമായി എത്തിയത്. ഒരു ഫ്രഞ്ച് മാധ്യമമാണ് കഴിഞ്ഞ ദിവസം ഒലോന്‍ദിന്റെ പ്രസ്താവന പുറത്തുവിട്ടത്.

ഫ്രാന്‍സിലെ കമ്പനികള്‍ തങ്ങളുടെ വ്യാവസായിക പങ്കാളികളെ നിര്‍ണയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരുവിധത്തിലുമുള്ള പങ്കുമില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. റഫാല്‍ ഉടമ്പടി സര്‍ക്കാരുകള്‍ തമ്മിലുള്ളതാണെന്നും ഇടപാടിന്റെ 50 ശതമാനം ഇന്ത്യയില്‍ നിക്ഷേപം നടത്താമെന്ന് തങ്ങള്‍ ഉറപ്പു നല്‍കുന്നത് അനുബന്ധ കരാറിലാണെന്നും ഡാസോ ഏവിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

2016ലെ ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് നടപടിക്രമങ്ങളിലെ വ്യവസ്ഥകള്‍ക്കനുസരിച്ചും മേക്ക് ഇന്‍ ഇന്ത്യ നയത്തിനും അനുസരിച്ചാണ് റിലയന്‍സ് ഗ്രൂപ്പുമായുള്ള പങ്കാളിത്തം തീരുമാനിച്ചത്. ഇത് ഡാസോ ഏവിയേഷന്റെ തീരുമാനമാണ്. നേരത്തെ തന്നെ ഇതു വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇത്തരത്തിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഡാസോ റിലയന്‍സ് ഏറോസ്‌പേസ് എന്ന സ്ഥാപനം നിലവില്‍ വന്നതും റഫാല്‍, ഫാല്‍ക്കണ്‍ വിമാനങ്ങളുടെ നിര്‍മ്മാണത്തിനായി നാഗ്പൂരില്‍ പ്ലാന്റ് ആരംഭിച്ചതുമെന്നും വാര്‍ത്താക്കുറിപ്പു വിശദമാക്കുന്നു.

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഒലോന്‍ദിന്റെ വെളിപ്പെടുത്തല്‍. ഡാസോയാണ് റിലയന്‍സിനെ പങ്കാളികളാക്കിയതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നിലപാട്. പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെയുള്ള വജ്രായുധമായി റഫാലിനെ മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.