Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാലിൽ മലക്കം മറിഞ്ഞ് ഫ്രാൻസ്വ; വിവാദമായി സിനിമയും, ഇടപെട്ടിട്ടില്ലെന്നു മോദി സർക്കാർ

Francois-Hollande ഫ്രാൻസ്വ ഒലോൻദ് (ഫയൽ ചിത്രം)

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാരാണെന്ന ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ പ്രസ്താവന തള്ളി കേന്ദ്രം. ഫ്രഞ്ച് കമ്പനിയായ ടാസൂ ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ ഇന്ത്യയിലെ പങ്കാളിയാക്കി നിയോഗിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനു യാതൊരു പങ്കാളിത്തവുമില്ല. ഇതു നേരത്തേ വ്യക്തമാക്കിയതുമാണ്. ഫ്രാൻസ്വയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടു മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങളാണുണ്ടാക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

അതിനിടെ വിവാദത്തിൽ മലക്കം മറിഞ്ഞ് ഫ്രാൻസ്വയും രംഗത്തെത്തി. റിലയൻസ് ഡിഫൻസും ടാസൂവും യോജിച്ചു പ്രവർത്തിക്കുന്നതിന് ഇന്ത്യ ഏതെങ്കിലും തരത്തിൽ സമ്മർദം ചെലുത്തിയോ എന്നു തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയില്‍ നിന്നുള്ള പങ്കാളിയായി റിലയന്‍സിനെ തീരുമാനിച്ചതിൽ ഫ്രഞ്ച് സർക്കാരിനു പങ്കില്ലായിരുന്നു. വിവാദത്തിൽ എന്തെങ്കിലും പറയാനാവുക ടാസൂവിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎഫ്പിക്കു നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസ്വയുടെ മലക്കംമറിച്ചിൽ.

ഫ്രഞ്ച് വെബ്സൈറ്റായ മീഡിയാപാർട്ടിനോടാണു ഫ്രാൻസ്വ കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയത്. എന്നാൽ ഫ്രാൻസ്വയുമായി അഭിമുഖം നടത്തിയ ജേണലിസ്റ്റ് ആന്റൺ റൂഷ് തന്റെ റിപ്പോർട്ടിൽ ഉറച്ചു നിന്നു. റഫാല്‍ യുദ്ധവിമാനവുമായുള്ള ഇടപാടുകളിലെല്ലാം ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാരുകളും ഇടപെടുന്നുണ്ടെന്ന കാര്യം ഫ്രാൻസിലുള്ള ഏതൊരാള്‍ക്കും അറിയാം. രാജ്യത്ത് അതൊരു പ്രധാന ചർച്ചാവിഷയമാണ്. ഫ്രാൻസ്വയും അദ്ദേഹത്തിന്റെ സർക്കാരുമായിരുന്നു റഫാൽ യുദ്ധവിമാന വിൽപനയിലെ ‘മിടുക്കന്മാരെ’ന്നും ആന്റൺ റൂഷ് വ്യക്തമാക്കി.

58,000 കോടി രൂപയുടെ റഫാല്‍ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ ഇന്ത്യ നിർദേശിച്ചതോടെ ഫ്രാൻസിനു മുന്നിൽ മറ്റ് അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫ്രാൻസ്വ വ്യക്തമാക്കിയിരുന്നു. 2015 ഏപ്രിലിൽ 36 റഫാൽ വിമാനം വാങ്ങാനുള്ള കരാർ ഒപ്പിടുമ്പോൾ ഫ്രാൻസ്വ ഒലോൻദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിനെ തഴഞ്ഞ് റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയതിൽ മോദി സർക്കാരിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. 

ഏതു സാഹചര്യത്തിലാണ് ഫ്രാൻസ്വ പ്രസ്താവന നടത്തിയതെന്നു മനസ്സിലാക്കേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഫ്രാൻസിന്റെ മുൻ പ്രസിഡന്റിന്റെ പ്രസ്താവനയോട് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പോലും വിരുദ്ധമായ  കാര്യങ്ങളാണു പറയുന്നത്. ഇക്കാര്യവും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയെത്തിയ ഫ്രാൻസ്വയുടെ പ്രസ്താവനകളും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ടാസൂ ഏവിയേഷനും റിലയൻസ് ഡിഫൻസും തമ്മിലുള്ളതു രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള സ്വകാര്യ കരാർ മാത്രമാണ്. ഈ ഉഭയകക്ഷി കരാർ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു നിലവിൽ വന്നത്. കരാറിലെ വ്യവസ്ഥകൾ പ്രകാരം ഏത് ഇന്ത്യൻ കമ്പനിയെ വേണമെങ്കിലും തിരഞ്ഞെടുക്കാൻ ടാസൂ ഏവിയേഷന് അധികാരമുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ ഇന്ത്യാ സർക്കാരാണ് റിലയൻസ് ഡിഫൻസിന്റെ പേര് ടാസൂ ഏവിയേഷനു നിർദേശിച്ചതെന്ന് ഫ്രാൻസ്വ വ്യക്തമായിത്തന്നെയാണു തങ്ങളോടു പറഞ്ഞതെന്ന് ആന്റണ്‍ റൂഷ് പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യാ സർക്കാരിന്റെ ലക്ഷ്യം എന്തായിരുന്നെന്നു പക്ഷേ ഫ്രാൻസ്വ പറഞ്ഞില്ല. അത് അദ്ദേഹത്തിന് അറിയുമോയെന്നും വ്യക്തമല്ല. റഫാൽ ഇടപാട് അത്രയേറെ പ്രധാനപ്പെട്ടതായതിനാലാണ് ഫ്രഞ്ച് സർക്കാർ ഇതിനെല്ലാം പച്ചക്കൊടി കാണിച്ചതെന്നും റൂഷിനോടു ഫ്രാൻസ്വ വ്യക്തമാക്കി.

വിവാദ സിനിമയും!

റഫാൽ ഇടപാട് ഉറപ്പിക്കുന്നതിനു മുൻപ് ഒരു സിനിമ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസ്വയുടെ ഭാര്യ ജൂലി ഗായെയുമായി റിലയൻസ് ഡിഫൻസ് കരാർ ഒപ്പിട്ടെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഫ്രാന്‍സിലെ പ്രശസ്ത നടിയും നിർമാതാവുമാണ് ജൂലി. റിലയൻസ് ഡിഫൻസ് നേരിട്ട് സിനിമയ്ക്കു പണം മുടക്കിയിട്ടില്ലെന്നും അനിൽ അംബാനിക്കു സുപരിചിതമായ ഒരു പ്രഞ്ചുകാരൻ വഴിയാണു പണം മുടക്കിയതെന്നും റൂഷ് പറയുന്നു. സിനിമ ഇന്ത്യയെപ്പറ്റിയുള്ളതല്ല, അവിടെ വിതരണത്തിനും എത്തിച്ചിട്ടില്ല.

2015 അവസാനമാണ് സിനിമയ്ക്കു വേണ്ടി പണം എത്തിച്ചത്. എന്നാൽ തൊട്ടടുത്ത വർഷം ജനുവരി അവസാനത്തോടെയാണ് ഇതു സംബന്ധിച്ചു പ്രസ്താവന പുറത്തു വന്നത്. കൃത്യമായി പറഞ്ഞാൽ ജനുവരി 25ന് ഫ്രാൻസ്വ ഇന്ത്യാസന്ദർശനത്തിനെത്തിയപ്പോൾ. എന്നാൽ സിനിമയും റഫാലും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഫ്രാൻസ്വയും ജൂലിയും പറഞ്ഞതായും റൂഷ് ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.