Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പായ്‌വഞ്ചി പ്രയാണത്തിനിടെ അപകടം; അഭിലാഷ് ടോമിയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ

abhilash-tomy കമാൻഡർ അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ

പെര്‍ത്ത്∙ പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കവെ അപകടത്തിൽപ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതം. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അപകടത്തിൽ മുതുകിനു പരുക്കേറ്റതിനാൽ എഴുന്നേറ്റു നിൽക്കാനാകാത്ത സ്ഥിതിയിലാണ്. ഓസ്ട്രേലിയൻ റെസ്ക്യു കോർ‌ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുരയും തിരച്ചിൽ നടത്തുന്നുണ്ട്. ഓസ്ട്രേലിയൻ പ്രതിരോധ വിഭാഗവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3,000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. അപകടത്തിൽ പരുക്കുണ്ടെങ്കിലും താൻ സുരക്ഷിതനാണെന്ന് അഭിലാഷ് ടോമി അറിയിച്ചിരുന്നു. ഇക്കാര്യം അഭിലാഷിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. പായ്‌വഞ്ചി പ്രയാണത്തിന്റെ സംഘാടകരായ ഗോൾഡൻ‌ ഗ്ലോബ് അധികൃതരും അഭിലാഷ് സുരക്ഷിതനാണെന്ന് വ്യക്തമാക്കി. ഒറ്റയ്ക്കൊരു പായ്‌വഞ്ചിയിൽ കടലിലൂടെ ഒരിടത്തും നിർത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡിന് ഉടമയാണു കൊച്ചി കണ്ടനാടു സ്വദേശിയായ അഭിലാഷ് ടോമി.

അതേസമയം, അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്‌വഞ്ചിയുടെ കഴ തകർന്നെന്നും മുതുകിന് പരുക്കേറ്റെന്നുമാണ് സന്ദേശം. സാറ്റലൈറ്റ് ഫോൺ സജീവമാണെന്ന സന്ദേശവും പിന്നാലെയെത്തി. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കവെയാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. 84 ദിവസം കൊണ്ട് 10,500 നോട്ടിക്കൽ മൈലാണ് അഭിലാഷ് പിന്നിട്ടത്.

അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ്‌വഞ്ചി അപകടത്തിലായതെന്നാണ് വിവരം. അയർലൻഡിൽനിന്നുള്ള ഗ്രിഗർ മക്ഗുകിൻ, ഹോളണ്ടുകാരൻ മാർക്ക് സ്‌ലേറ്റ്സ് എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റു രണ്ടുപേർ. തങ്ങൾ സുരക്ഷിതരാണെന്ന് ഇരുവരും സംഘാടകരെ അറിയിച്ചിട്ടുണ്ട്. മൽസരാർഥികളിൽ സാധിക്കുന്നവരോടെല്ലാം അഭിലാഷ് ടോമിയുടെ സഹായത്തിനെത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

∙ എന്താണ് ഗോൾഡൻ ഗ്ലോബ് പ്രയാണം?

ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു മൽസരത്തിന്റെ ലക്ഷ്യം. 30,000 നോട്ടിക്കൽ മൈൽ ദൂരം പ്രതീക്ഷിക്കുന്ന പ്രയാണം 311 ദിവസം കൊണ്ടു പൂർത്തിയാക്കാനാണു മുപ്പത്തിയൊൻപതുകാരനായ അഭിലാഷ് ലക്ഷ്യമിട്ടിരുന്നത്. പ്രയാണത്തിൽ പങ്കെടുക്കുന്നവർ പുറംലോകവുമായി നേരിട്ട് ആശയവിനിമയം പാടില്ലെന്നാണു മൽസരത്തിന്റെ നിയമം. റേഡിയോ മുഖാന്തരം സംഘാടകർ ബന്ധപ്പെടുമ്പോൾ മാത്രമാണു വിവരങ്ങൾ കൈമാറാൻ കഴിയുക.

ഇതിനിടെ, ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗ റെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്.

മല്‍സരത്തില്‍ പങ്കെടുക്കുന്ന 18 പായ്‌വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.

∙ തുരിയ

കേരളത്തില്‍നിന്നുള്ള തടിയും വിദേശനിര്‍മിത പായകളും ഉപയോഗിച്ചു ഗോവയിലെ അക്വാറിസ് ഷിപ്യാഡിലാണു തുരിയ 'പായ്‌വഞ്ചി' നിര്‍മിച്ചത്. ഉപനിഷത്തില്‍നിന്നാണു 'തുരിയ' എന്ന പേരു കണ്ടെത്തിയത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവ കഴിഞ്ഞുള്ള നാലാമത്തെ അവസ്ഥയാണു തുരീയം. മുനിമാരുടെ ബോധതലം - ഞാനെന്ന ഭാവം ഉപേക്ഷിക്കപ്പെട്ടു സമ്പൂര്‍ണ സമത കൈവരുന്ന അവസ്ഥയെന്നാണു 'തുരിയ' അര്‍ഥമാക്കുന്നത്.