Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവജാതശിശുക്കളുൾപ്പെടെ അഞ്ചുപേരെ കുത്തി സ്ത്രീയുടെ ആത്മഹത്യ ശ്രമം

blood-knife-crime

ന്യൂയോര്‍ക്ക്∙ മൂന്നു നവജാത ശിശുക്കളുള്‍പ്പെടെ അഞ്ചുപേരെ കുത്തിപരുക്കേല്‍പ്പിച്ച സ്ത്രീ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ന്യൂയോര്‍ക്കില്‍ അനധികൃത നഴ്‌സറിയായി പ്രവര്‍ത്തിച്ചിരുന്ന ഒരു വീട്ടിലാണ് സംഭവം. പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന സംഭവത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൃത്യത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്പത്തിരണ്ടുകാരിയായ നഴ്‌സറി ജീവനക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് വ്യക്തമാക്കി.

മൂന്നു ദിവസവും ഒരു മാസവും പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെ വയറ്റില്‍ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. 20 ദിവസം പ്രായമുള്ള മറ്റൊരു കുട്ടിയുടെ ചെവിയിലും ചുണ്ടിലും താടിയിലുമാണ് കുത്തിയത്. കുട്ടികളിലൊരാളുടെ പിതാവും നഴ്‌സറിയിലെ മറ്റൊരു ജീവനക്കാരിയും കുത്തേറ്റവരില്‍ ഉള്‍പ്പെടും. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലാണ് കൃത്യം നടത്തിയ സ്ത്രീയെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

related stories