Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് പ്രകടനം; ജോയ് മാത്യുവിനെതിരെ കേസ്

joy-mathew ജോയ് മാത്യു

കോഴിക്കോട്∙ പൊലീസ് മുന്നറിയിപ്പ് മറികടന്നു മിഠായിത്തെരുവില്‍ പ്രതിഷേധിച്ചതിനു നടന്‍ ജോയ് മാത്യുവിനെതിരെ കേസ്. കൊച്ചിയില്‍ സമരം ചെയ്തിരുന്ന കന്യാസ്ത്രീകള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചാണു ജോയ് മാത്യുവും വിവിധ സാംസ്കാരിക പ്രവര്‍ത്തകരും പ്രകടനം നടത്തിയത്. കോഴിക്കോട് ടൗണ്‍ പൊലീസാണു കേസെടുത്തത്.

കഴിഞ്ഞ ബുധനാഴ്ചയാണു ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കന്യാസ്ത്രീകളോട് അനുഭാവം പ്രകടിപ്പിച്ചും പ്രകടനം നടന്നത്. പ്രകടനം മിഠായിത്തെരുവില്‍ പ്രവേശിച്ചതോടെ പൊലീസ് വിലക്കി. എന്നാല്‍ ജോയ് മാത്യുവും സംഘവും മിഠായിത്തെരുവിനുള്ളിലൂടെ പ്രകടനം പൂര്‍ത്തിയാക്കി. വിലക്കു ലംഘിച്ചതിനു ജോയ് മാത്യു ഉൾപ്പെടെ 21 പേർക്കെതിരെയാണു കേസ്.

‘മിഠായിത്തെരുവില്‍ പ്രകടനത്തിനു വിലക്കുണ്ട്. സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന തരത്തില്‍ ചെറിയ കുറ്റമാണു ചുമത്തിയിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെയും കോര്‍പറേഷന്റെയും തീരുമാനപ്രകാരമാണു മിഠായിത്തെരുവില്‍ പ്രകടനത്തിനു വിലക്കേര്‍പ്പെടുത്തിയത്. നേരത്തേയും വിലക്കു ലംഘിച്ചു പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വാഭാവിക നടപടിയാണിത്’– പൊലീസ് പറഞ്ഞു.

related stories