Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ കരാർ റദ്ദാക്കില്ല: കോൺഗ്രസിന് മറുപടിയുമായി ജയ്റ്റ്ലി

Rahul Gandhi, Arun Jaitley

ന്യഡൽഹി∙ റഫാൽ വിവാദത്തിൽ കോൺഗ്രസ് – ബിജെപി പോര് തുടരുന്നു. കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നു വാദിച്ച ജയ്റ്റ്ലി റഫാൽ കരാർ റദ്ദു ചെയ്യില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന് എന്തും വിശ്വസിക്കാം. റഫാൽ വിമാനങ്ങൾ ഉയർന്ന വിലയ്ക്കാണോ കുറഞ്ഞ വിലയക്കാണോ വാങ്ങിയത് എന്ന കാര്യം‌ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണു (സിഎജി) പരിശോധിക്കേണ്ടത്. റഫാൽ കരാർ ക്ലീനാണ്, അതുകൊണ്ടുതന്നെ അതു റദ്ദാക്കേണ്ട ആവശ്യമില്ല. യുപിഎ സർക്കാരിന്റെ കാലത്തേതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോഴത്തെ കരാറിൽ വിമാനങ്ങളെത്തുന്നത്. ഇക്കാര്യങ്ങളെല്ലാം സിഎജിയെ അറിയിക്കും– വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയ്റ്റ്ലി വ്യക്തമാക്കി.

സുരക്ഷാ താല്‍പര്യങ്ങൾ ഉള്ളതിനാൽ കരാറിലെ വി‌ല സംബന്ധിച്ചു വിശദമാക്കുന്നതിനു കുറച്ചു പ്രശ്നങ്ങളുണ്ട്. 2007ൽ പൂർണ സജ്ജമായ ഒരു വിമാനം വാങ്ങുന്നതിനേക്കാൾ 20% വില കുറച്ചാണ് 2016ൽ നല്‍കുന്നത്. സിഎജി ഇക്കാര്യം പരിശോധിക്കും. സത്യം പുറത്തുവരികതന്നെ ചെയ്യും. ഇന്ത്യയുടെ പ്രതിരോധത്തിനു റഫാൽ വിമാനങ്ങൾ അനിവാര്യമാണ്. അതുകൊണ്ടാണ് അവ വാങ്ങുന്നത്. അതു വ്യോമസേനയുടെ കരുത്തു കൂട്ടും. 2004 മുതൽ 14 വരെ ഇന്ത്യ ഭരിച്ച യുപിഎ സർക്കാരാണു ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ. മോദി സർക്കാർ അഴിമതി മുക്തമായാണു പ്രവർത്തിക്കുന്നതെന്നും ജയ്റ്റ്ലി അവകാശപ്പെട്ടു.

രാജ്യത്തിനായി രക്തം ചിന്തിയ സൈനികരെ പ്രധാനമന്ത്രി അവഹേളിച്ചെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കു മറുപടിയും അദ്ദേഹം നൽകി. ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഉപയോഗിച്ചു മോശം പരാമര്‍ശം നടത്തിയത് അധിക്ഷേപകരമാണെന്നു കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന കാര്യമാണ് സർജിക്കൽ സ്ട്രൈക്ക്. അതിൽ നാണക്കേടു തോന്നുന്നവരുടെയും അപകീർത്തികരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നവരുടെയും ദേശസ്നേഹം ചോദ്യം ചെയ്യപ്പെടുമെന്നും ജയ്റ്റ്ലി മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലെയും ഫ്രാന്‍സിലെയും പ്രതിപക്ഷ നേതാക്കൾ ഒരേ പോലെ സംസാരിക്കുന്നതു സംശയമുണ്ടാക്കുന്നതാണെന്നും ധനമന്ത്രി ആരോപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 30നോട് അടുത്ത ആഴ്ചകളിൽ വലിയ ചില കാര്യങ്ങൾ പുറത്തുവരുമെന്ന് അര്‍ഥമാക്കി രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് മുൻ ഫ്രഞ്ച് പ്രസിഡന്റെ ഫ്രാൻസ്വ ഒലോൻദ് കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയതും. ഇതു വെറും യാദൃശ്ചികമായി കണക്കാക്കാനാകില്ലെന്നും ജയ്റ്റ്ലി എഎൻഐയോടു പറഞ്ഞു. ഇന്ത്യയുടെ നിർദേശപ്രകാരമാണ് അനിൽ അംബാനിയുടെ കമ്പനിയെ റഫാൽ കരാറിൽ പങ്കാളികളാക്കിയതെന്നായിരുന്നു ഒലോൻദ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.