Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ ഭീകരാക്രമണം: പിന്നിൽ യുഎസ്, പശ്ചാത്തപിക്കേണ്ടി വരുമെന്ന് റൂഹാനി

hassan-rouhani.jpg.image.784.410

ടെഹ്റാൻ∙ തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വസ് നഗരത്തിൽ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ യുഎസ് ആണെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാനിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണു ഭീകരാക്രമണമെന്നും യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനു ന്യൂയോർക്കിലേക്കു പുറപ്പെടും മുൻപ് റൂഹാനി പറഞ്ഞു.

ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഇറാന്റെ റവല്യൂഷനറി ഗാർഡ്സിലെ 12 അംഗങ്ങൾ ഉൾപ്പെടെ 25 പേരാണു കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും കരുത്തുറ്റ സൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡ്സിനു നേരെ ഇന്നേവരെ നടന്നതിൽ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ശനിയാഴ്ചത്തേത്.

ആക്രമണത്തിനു പിന്നിൽ ‘മേഖലയിലെ ഭീകരതയുടെ പ്രായോജകരായ’ സൗദി അറേബ്യയും ഇസ്രയേലും ‘അവരുടെ യജമാനൻ’ യുഎസുമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ശരീഫ് നേരത്തേ ആരോപിച്ചിരുന്നു. ഇക്കാര്യം റൂഹാനിയും ആവർത്തിച്ചു. ഇറാനിലെ സർക്കാരിനെതിരെ പ്രവർത്തിക്കുന്നവർക്കു സാമ്പത്തികപരമായും സൈനികപരവുമായ സഹായം നൽകുന്നതു ചില ഗൾഫ് അറബ് രാജ്യങ്ങളാണ്. ഇതിനു പിന്തുണ നല്‍കുന്നതാകട്ടെ യുഎസും. അമേരിക്കയുടെ കയ്യിലെ പാവകളെപ്പോലെയാണ് ഈ രാജ്യങ്ങൾ പ്രവർത്തിക്കുന്നത്. യുഎസ് ഇവരെ ഇടയ്ക്കിടെ പ്രകോപിപ്പിക്കും, ആവശ്യം വേണ്ടുന്നതെല്ലാം നൽകുകയും ചെയ്യുന്നുണ്ട്– റൂഹാനി പറഞ്ഞു.

യുഎസിന്റെ ഉപരോധങ്ങളെ ഏറ്റവും കുറവു നഷ്ടങ്ങളോടെ ഇറാൻ നേരിടും. എന്നാൽ മറ്റു രാജ്യങ്ങൾക്കു നേരെ, പ്രത്യേകിച്ച് ഇറാനോടുള്ള പ്രകോപനപരമായ നീക്കങ്ങളുടെ പേരിൽ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്നും റൂഹാനി മുന്നറിയിപ്പു നൽകി. എന്നാൽ ആക്രമണത്തോടുള്ള ഇറാന്റെ മറുപടി നിയമത്തിന്റെ ചട്ടക്കൂടിലും രാജ്യതാൽപര്യം സംരക്ഷിച്ചുമായിരിക്കുമെന്നും റൂഹാനി വ്യക്തമാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം അഹ്‌വാസ് നാഷനൽ റെസിസ്റ്റൻസ് എന്ന ഗോത്രസംഘടന ഏറ്റെടുത്തിട്ടുണ്ട്. വൻതോതിൽ എണ്ണ സംഭരണമുള്ള ഇറാനിലെ ഖൂസെസ്ഥാൻ പ്രവിശ്യ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന വാദവുമായി നിലകൊള്ളുന്നവരാണ് ഈ സംഘടന. ചില പേർഷ്യൻ ഗൾഫ് രാജ്യങ്ങളാണ് ഇവർക്കു വേണ്ട സാമ്പത്തിക, സൈനിക, രാഷ്ട്രീയ പിന്തുണ നൽകുന്നതെന്നും റൂഹാനി ആരോപിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റും ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ രണ്ടു വിഭാഗക്കാരുടെയും പങ്കാളിത്തം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണത്തിനെത്തിയ നാലു ഭീകരരും കൊല്ലപ്പെട്ടു. 70 പേർക്കു പരുക്കേറ്റു.

ഇറാൻ – ഇറാഖ് യുദ്ധത്തിന്റെ (1980–88) വാർഷിക അനുസ്മരണത്തിന്റെ ഭാഗമായ സൈനിക പരേഡിനിടെയാണു ഭീകരരുടെ വെടിവയ്പ്. പരേഡ് കാണാൻ ഉന്നത ഉദ്യോഗസ്ഥർക്കു പുറമേ ഒട്ടേറെ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. മേഖലയിൽ ഇറാന്റെ ബദ്ധവൈരികളായ സൗദിയുമായുള്ള ശത്രുത വർധിപ്പിക്കുന്നതിലേക്കും സംഭവം വഴിവച്ചെന്നാണ് നിരീക്ഷകർ പറയുന്നത്.