Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ കടുപ്പിച്ചു; ഇന്ത്യയിൽ പരാതിപരിഹാര ഓഫിസറെ നിയമിച്ച് വാട്സാപ്

watsapp-complaint കോമൾ ലാഹിരി ചിത്രം: ഫെയ്സ്ബുക്

ന്യൂഡല്‍ഹി∙ വ്യാജവാർത്തകൾ ഉൾപ്പെടെയുള്ള പരാതികൾ പരിഹരിക്കാൻ ഇന്ത്യയിൽ പരാതിപരിഹാര ഓഫിസറെ നിയമിച്ച് വാട്സാപ്. ഗ്ലോബൽ കസ്റ്റമര്‍ ഓപറേഷൻസ് ലോക്കലൈസേഷൻ ഡയറക്ടർ കോമള്‍ ലാഹിരിക്കാണു ചുമതല നൽകിയിരിക്കുന്നത്. വ്യാജസന്ദേശങ്ങളെ തുടർന്നു രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നു വാട്സാപ്പിനോടു സർക്കാർ ആവശ്യപ്പെട്ടിരുന്നു.

പുതിയ ഓഫിസറെ നിയമിച്ച കാര്യം വെബ്സൈറ്റിലൂടെയാണു വാട്സാപ് അറിയിച്ചത്. മൊബൈൽ ആപ്, ഇ–മെയിൽ തുടങ്ങിയവ വഴി പരാതികൾ അറിയിക്കാം. മൊബൈൽ ആപ്പിലെ സെറ്റിങ്സ് ഓപ്ഷനില്‍ ചെന്നു പരാതി സമർപ്പിക്കാൻ സാധിക്കുമെന്നാണു വെബ്സൈറ്റിൽ പറയുന്നത്.

വാട്സാപ്പിന്റെ പ്രധാന വിപണിയായ ഇന്ത്യയിൽ 200 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. കൂട്ടത്തോടെയുള്ള മെസേജ് അയക്കൽ ഒഴിവാക്കുന്നതിനു കഴിഞ്ഞ ജൂലൈയിൽ ഫോർവേഡ് ഓപ്ഷനിൽ കമ്പനി നിയന്ത്രണം വരുത്തിയിരുന്നു. ഒരു തവണ അഞ്ചു പേർക്കു മാത്രമായി ഫോർവേഡിങ് ചുരുക്കി. സന്ദേശങ്ങൾക്കൊപ്പം ഫോർവേഡ് എന്നും രേഖപ്പെടുത്തി. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാട്സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതു തടയണമെന്നാണു കേന്ദ്രനിലപാട്.