Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിതർക്കു ജീവനോപാധിക്ക് ഉപജീവന വികസന പാക്കേജ്; ക്യാംപുകളിൽ ഇനി 2241 പേർ

Kerala-Floods-Boat ആലുവയ്ക്കു സമീപം പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ സംഘം നടത്തിയ രക്ഷാപ്രവർത്തനം - ഫയൽ ചിത്രം.

തിരുവനന്തപുരം∙ പ്രളയ ബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമെങ്കില്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പട്ടികജാതി - പട്ടികവര്‍ഗ്ഗം ഉള്‍പ്പെടെയുള്ള ഏറ്റവും ദുര്‍ബലവിഭാഗങ്ങള്‍ക്ക് ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ആസൂത്രണബോര്‍ഡിന്‍റെ സഹായത്തോടെ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ പറഞ്ഞിട്ടുണ്ട്. പത്തു ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയാറാക്കി സമര്‍പ്പിക്കും. ഒക്ടോബര്‍ അവസാനത്തോടെ ജീവനോപാധി കോണ്‍ഫറന്‍സ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. മുന്‍ഗണനാ കാര്‍ഡുടമകള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ജോബ് കാര്‍ഡുള്ളവര്‍, അഗതികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ഇത്തരക്കാര്‍ക്ക് എല്ലാ ആഴ്ചയും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണം. പുനരധിവാസം അതിവേഗത്തിൽ പൂര്‍ത്തിയാക്കിയശേഷം പുനര്‍നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസവും പുനര്‍നിര്‍മ്മാണവും  രണ്ടായി കണ്ടുകൊണ്ടുള്ള സമീപനമായിരിക്കും സ്വീകരിക്കുക. കുട്ടനാട്, ഇടുക്കി, വയനാട് എന്നീ സ്ഥലങ്ങളുടെ വികസനം പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി കാണണം. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വിലകുറച്ച് ലഭിക്കുമോയെന്ന് പരിശോധിക്കണം. നഷ്ടപ്പെട്ട ആസ്തികളുടെ പുനര്‍നിര്‍മാണത്തിന് പ്രാധാന്യം നല്‍കണം. പ്രീ ഫാബ്രിക്കേഷന്‍ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ നിര്‍മ്മാണ മേഖലയില്‍ സ്വീകരിക്കും.

ക്യാംപുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തില്‍ അറിയിച്ചു. നിലവില്‍ 75 ക്യാംപുകളില്‍ 711 കുടുംബങ്ങളിലെ 2241 പേര്‍ കഴിയുന്നു. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ ക്യാംപുകള്‍. ഇവിടെ 44 ക്യാംപുകളിലായി 1265 പേര്‍ കഴിയുന്നു. പതിനായിരം രൂപയുടെ സഹായം ഇതുവരെ 5,58,193 പേര്‍ക്ക് നല്‍കി. 29നകം അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നല്‍കാനാണ് ശ്രമം. ദുരിതാശ്വാസ സഹായമെന്ന നിലയില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് 18,266 ടണ്‍ സാധനങ്ങളും രാജ്യത്തിനു പുറത്തുനിന്ന് 2,071 ടണ്‍ സാധനങ്ങളും ലഭിച്ചു. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഒരു ലക്ഷം രൂപയുടെ ബാങ്ക് വായ്പയ്ക്കായി 1,09,182 അപേക്ഷ ശനിയാഴ്ച വരെ ബാങ്കുകളില്‍ ലഭിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ നാല് എല്‍പി സ്കൂളുകള്‍ പൂര്‍ണമായി നശിച്ചു. ഇത് പുനര്‍നിര്‍മിക്കേണ്ടി വരും. വയനാട്ടില്‍ രണ്ടും പാലക്കാടും ഇടുക്കിയിലും ഓരോ എല്‍പി സ്കൂളുമാണ് തകര്‍ന്നത്. 1,62,000 കിലോമീറ്റര്‍ സ്കൂള്‍ മതില്‍ തകർന്നു. 506 ശുചിമുറികള്‍ നശിച്ചു. സ്കൂളുകളിലെ 1,548 ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും നശിച്ചു. വിദ്യാര്‍ഥികള്‍ക്കെല്ലാം പാഠപുസ്തകം പൂര്‍ണമായി നല്‍കി. 18,000 പേര്‍ക്കുള്ള യൂണിഫോം തയാറാകുന്നു. 

പ്രളയബാധിതമായ 3,20,000 കിണറുകളില്‍ 3,00,956 കിണറുകള്‍ വൃത്തിയാക്കി. 12,000 കിലോമീറ്റര്‍ റോഡ് നശിച്ചു. ആയിരം കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെ പ്രവൃത്തികള്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി കോഓർഡിനേഷൻ വി.എസ്. സെന്തിൽ, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

related stories