Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാചലിലും പ‍ഞ്ചാബിലും കനത്ത മഴ; മണാലിയിൽ 43 മലയാളികൾ കുടുങ്ങി

himachal-floods ഹിമാചലിലെ ചമ്പ ജില്ലയിൽ നദി കരകവിഞ്ഞൊഴുകുന്നു. ചിത്രം – എഎൻഐ

ഷിംല ∙ ഹിമാചലിലും പഞ്ചാബിലും കശ്മീരിലും കനത്ത മഴ തുടരുന്നു. ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ രണ്ടു ദിവസത്തിനിടെ 13 മരണമുണ്ടായെന്നാണ് കണക്കുകൾ. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ എട്ടു മരണം റിപ്പോർട്ടു ചെയ്തു. കനത്തമഴയിൽ പഞ്ചാബിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ സൈന്യത്തോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചു.

മണാലിയിൽ കനത്ത മണ്ണിടിച്ചിലിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികൾ കുടുങ്ങി. 43 മലയാളികൾ കുടുങ്ങിയെന്നാണു വിവരം. പാലക്കാട് നിന്നുള്ള 30 പേരും തിരുവനന്തപുരത്ത് നിന്നുള്ള 13 പേരുമാണ് കുടുങ്ങിയത്. ഇവർ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസുമായി ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു. 

രണ്ടു ദിവസമായി ഹിമാചലിൽ കനത്ത മഴ തുടരുകയാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലി ഒറ്റപ്പെട്ടു. ഷിംല, കാൻഗ്ര, കുളു, സിർമൗർ, കിന്നൗർ, സൊലാൻ, ഹാമിർപൂർ, ചമ്പ, മാണ്ഡി തുടങ്ങി12 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി നൽകി. ഇവിടങ്ങളിൽ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. കുളുവിലും മണാലിയിലും മാത്രം മൂന്ന് പ്രധാന പാലങ്ങൾ ഒലിച്ചുപോയി. 

കുളുവിൽ 121 മില്ലിമീറ്ററും കാൻഗ്രയിൽ 120 മില്ലിമീറ്ററും മഴ പെയ്തതായാണ് കണക്കുകൾ. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്. ഹിമാചലിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഇത് ചൊവ്വാഴ്ച പഞ്ചാബിലെ വിവിധ മേഖലകളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിൽ കനത്ത മഴയെത്തുടർന്ന് സ്കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി നൽകിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഡെറാഡൂൺ, നൈനിറ്റാൾ, പൗരി എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.