Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെ തള്ളി ഒപെകും റഷ്യയും; പെട്രോള്‍, ഡീസല്‍ വില അടുത്തൊന്നും കുറയില്ല

പിങ്കി ബേബി
x-default

കൊച്ചി∙എണ്ണ ഉൽപാദനം കൂട്ടേണ്ടതില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചതോടെ പെട്രോൾ, ഡീസൽ വില വീണ്ടും ഉയരുമെന്ന ആശങ്ക ശക്തമായി. രാജ്യാന്തര വിപണിയിൽ എണ്ണവില കുറയ്ക്കാൻ, ഉൽപാദനം വർധിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഒപെക് രാജ്യങ്ങൾ തള്ളി. ഒപെക്കിൽ പെടാത്ത റഷ്യയും സമാന നിലപാടു സ്വീകരിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുറയാനുള്ള സാധ്യതകളെല്ലാം മങ്ങുകയാണ്. ഡോളർ ശക്തിപ്രാപിക്കുന്നതിനാൽ എണ്ണ ഇറക്കുമതി രാജ്യങ്ങൾക്കെല്ലാം നടപടി കനത്ത തിരിച്ചടിയാകും. നികുതി കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായില്ലെങ്കിൽ പെട്രോൾ വില ലീറ്ററിന്100 രൂപയിലെത്താൻ ഇനി അധികം വൈകില്ല. തിരുവനന്തപുരത്ത് പെട്രോൾ വില ലീറ്ററിന് 86 രൂപ കടന്നു. ഡീസൽ വില 80 രൂപയിലുമെത്തി. 

∙ഉൽപാദന നിയന്ത്രണം തുടരും

കഴിഞ്ഞ ജൂണിൽ എണ്ണ ഉൽപാദനം നിയന്ത്രിക്കാമെന്ന തീരുമാനം ഒപെക് രാജ്യങ്ങൾ കൈക്കൊണ്ടിരുന്നു. ഈ നിലപാടിൽ 100 ശതമാനം ഉറച്ചു നിൽക്കാനാണു കഴിഞ്ഞ ദിവസം അൽജീരിയയിൽ ചേർന്ന ഒപെക്  യോഗത്തിലെ തീരുമാനം. ഇതോടെ വിപണിയിലേക്കു കൂടുതൽ അസംസ്കൃത എണ്ണ എത്തുമെന്നും അതുവഴി വിലയിൽ ആശ്വാസമുണ്ടാകുമെന്നുമുള്ള പ്രതീക്ഷ മങ്ങുകയാണ്. വിപണിയിൽ ആവശ്യത്തിന് എണ്ണയുണ്ടെന്ന നിലപാടിലാണ് ഒപെക്. ഒപെക്കിനൊപ്പം തന്നെയാണ് ഇക്കാര്യത്തിൽ റഷ്യയും. തൽക്കാലം ഉൽപാദനം കൂട്ടേണ്ടതില്ലെന്നാണു തീരുമാനം. 80 ഡോളറിനടുത്താണ് രാജ്യാന്തര വിപണിയിലെ എണ്ണവില. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങൾ‌ ചേർന്ന് പ്രതിദിനം 6 ലക്ഷം ബാരൽ ഉൽപാദനം കുറച്ചിരുന്നു. ഡിസംബറിലാണ് അടുത്ത ഒപെക് യോഗം. അതുവരെ എണ്ണ ഉൽപാദനം കൂട്ടുമെന്ന പ്രതീക്ഷയും വേണ്ട.

∙ഇറക്കുമതിച്ചെലവേറുന്നു

അമേരിക്ക–ചൈന വ്യാപാരയുദ്ധം ഡോളറിനെ അനുദിനം ശക്തമാക്കുകയാണ്. ഏഷ്യൻ കറൻസികളെല്ലാം ഡോളറിനെതിരെ ദുർബലമായിക്കൊണ്ടിരിക്കുന്നു. ഏറ്റവും ദുർബലമായ കറൻസികളുടെ പട്ടികയിലാണ് ഇപ്പോൾ ഇന്ത്യൻ രൂപയും. ഇന്നും 50 പൈസയോളമാണ് ഇടിവ്. 72.68 എന്ന നിലവാരത്തിലാണ് ഡോളറിന് എതിരെ രൂപ ഇപ്പോൾ വ്യാപാരം നടത്തുന്നത്. ഡോളറിനെതിരെ രൂപയ്ക്കു സംഭവിക്കുന്ന ഓരോ പൈസയുടെ നഷ്ടവും എണ്ണഇറക്കുമതിയിൽ കോടികളുടെ നഷ്ടമുണ്ടാക്കുന്നുണ്ട്. ഏറ്റവും വലിയ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് വലിയ തുകയാണ് എണ്ണ വാങ്ങാൻ ചെലവാക്കേണ്ടിവരുന്നത്. ഡോളറിൽ വില നൽകേണ്ടതിനാലാണിത്. രൂപയുടെ മൂല്യത്തകർച്ചയും രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റവും ഇരട്ടപ്രഹരമാണു രാജ്യത്തിനേൽപ്പിക്കുന്നത്.

∙ഭാരം മുഴുവൻ ജനങ്ങളിലേക്ക്

ഇറക്കുമതിച്ചെലവേറുന്നതിന്റെ ഭാരം മുഴുവൻ ജനങ്ങൾക്കു നൽകുകയാണ് സർക്കാരുകൾ. പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവ 12 തവണ കൂട്ടിയ കേന്ദ്ര സർക്കാർ, കുറച്ചത് ഒരു തവണ മാത്രമാണ്. എക്സൈസ് നികുതി ഒരു രൂപ കുറച്ചാൽ പ്രതിവർഷം 30,000 കോടി രൂപയുടെ നഷ്ടം വരുമെന്നാണു കേന്ദ്ര നിലപാട്. കറന്റ് അക്കൗണ്ട് കമ്മി കൂടുകയും രൂപയുടെ മൂല്യമിടിവു തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ എക്സൈസ് നികുതി കുറയ്ക്കാനാവില്ലെന്ന് കേന്ദ്രം ആവർത്തിക്കുകയാണ്. അതേസമയം വാറ്റ് കുറയ്ക്കാനുള്ള നീക്കം സംസ്ഥാന സർക്കാരിനുമില്ല. 30 ശതമാനത്തിലധികമാണ് കേരളത്തിലെ വാറ്റ്. രാജസ്ഥാൻ, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ വാറ്റ് കുറച്ചെങ്കിലും കേരളം അത്തരം നടപടികളിലേക്കു പോകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

2013–14 വർഷങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരത്തിലാണെന്നു പറയാനാകില്ല. 140 ഡോളറിനു മുകളിൽ വരെ വിലയെത്തിയിട്ടുണ്ട്. 2014 മുതലാണു വില കുറഞ്ഞത്. ബാരലിന് 50 ഡോളറിനു താഴെ വിലയെത്തിയപ്പോഴും നികുതി വർധിപ്പിച്ച്, വിലക്കുറവിന്റെ പ്രയോജനം ജനങ്ങളിൽ നിന്നു തട്ടിയെടുക്കുകയായിരുന്നു സർക്കാർ ചെയ്തത്. 

∙വില റോക്കറ്റ് പോലെ

പെട്രോൾ, ഡീസൽ വില അനുദിനം പുതിയ റെക്കോർഡ് സൃഷ്ടിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ വില വർധിപ്പിച്ചില്ല എന്നതൊഴിച്ചാൽ എണ്ണക്കമ്പനികൾ ഒരു ദിവസം പോലും വില കുറയ്ക്കുന്നില്ല. കഴിഞ്ഞ ജൂണിലാണ് എണ്ണകമ്പനികൾക്കു പ്രതിദിനം പെട്രോൾ, ഡീസൽ വില നിശ്ചയിക്കാമെന്ന സംവിധാനം നിലവിൽ വരുന്നത്. അതിനുശേഷമുള്ള ഏറ്റവും വലിയ വിലവർധനയുടെ മാസമാണ് സെപ്റ്റംബർ. പ്രതിദിനം 50 പൈസവരെ ഉയർന്ന ഒന്നിലധികം ദിവസങ്ങളുമുണ്ട്.

കൊച്ചി നഗരത്തിൽ ഒരു ലീറ്റർ ഡീസലിന്റെ വില ഇന്ന് 78.06 രൂപയാണ്. 79.13 രൂപയാണ് തിരുവനന്തപുരം നഗരത്തിലെ വില. നഗരപരിധിക്കു പുറത്ത്, വില ലീറ്ററിന് 80 കടന്നു. കൊച്ചി നഗരത്തിനു പുറത്ത് വില എൺപതിനോട് അടുക്കുകയാണ്.  കോഴിക്കോട് നഗരത്തിൽ 78.81 രൂപയായും വില ഉയർന്നു. ഒരു ലീറ്റർ പെട്രോളിന് ഇന്ന് കൊച്ചി നഗരത്തിൽ വില  84.83 രൂപയായി. തിരുവനന്തപുരം നഗരത്തിനുള്ളിൽ 85.88 രൂപയാണ് ഇന്നലത്തെ വില. കോഴിക്കോട് നഗരത്തിൽ വില 85.60 രൂപയായും ഉയർന്നു. തിരുവനന്തപുരം, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നഗരത്തിനു പുറത്ത് വില 86 കടന്നിട്ടുണ്ട്. മുംബൈയിൽ ഇന്ന് പെട്രോൾ വില ലിറ്ററിനു 90 കടന്നു.  മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിൽ വില 91 കടന്നിട്ടുണ്ട്.