Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുക്ക് മുറുകി സിനിമയും; ഒാലോൻദിന്റെ പങ്കാളിക്ക് വേണ്ടി അംബാനിയുടെ ഇടപെടൽ

francois-hollande-julie-gayet-anil-ambani ജൂലി ഗായറ്റ്, ഫ്രാൻസ്വേ ഒലോൻദ്; അനിൽ അംബാനി

ന്യൂഡൽഹി∙ 2016ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വേ ഒലോൻദായായിരുന്നു മുഖ്യാതിഥി. അന്ന് തന്നെയാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ 36 റാഫേൽ ജെറ്റുകളുടെ കൈമാറ്റത്തിനു ധാരണാ പത്രം ഒപ്പിടുന്നത്. ഇതിനു രണ്ടു ദിവസം മുൻപ് ജനുവരി 24ന് റിലയൻസുമായി ചേർന്ന് ഒാലോൻദിന്റെ പങ്കാളിയും നടിയുമായ ജൂലി ഗായറ്റിന്റെ ‘റോഗ് ഇന്റർനാഷനൽ’ സിനിമാ നിർമാണം പ്രഖ്യാപിച്ചു. സിനിമ പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനു ഫ്രാൻസ്വേ ഒലോൻദ് ഡൽഹിയിൽ എത്തിയതും.

2017 ഡിസംബർ 20ന് അനിൽ അംബാനിയും ജൂലി ഗായറ്റും ചേർന്നു നിർമിച്ച ഫ്രഞ്ച് നടനും സംവിധായകനുമായ സെർജി ഹസാനാവിഷ്യസിന്റെ സിനിമ റിലീസ് ചെയ്തു. ‍ഡാസോ ഏവിയേഷൻ ചെയർമാൻ എറിക് ട്രാപ്പിയറും അനിൽ അംബാനിയും ചേർന്ന് ഡാസോ റിലയന്‍സ് എയ്റോസ്പെയ്സ് ലിമിറ്റഡ് (ഡിആർഎഎൽ‍) എന്ന കമ്പനിയുടെ ശിലാസ്ഥാപനം നടത്തി എട്ടാഴ്ച ആയപ്പോഴാണു സിനിമ പുറത്തിറങ്ങുന്നത്. എന്നാൽ സിനിമയിൽ എവിടെയും നിർമാണ പങ്കാളിത്തത്തിൽ റിലയൻസിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നാണ് വിവരം.

98 മിനിറ്റുള്ള ടൗട് ലാ ഹൗട് സിനിമ 2017ലെ സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ രാജ്യാന്തര സിനിമ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യുഎഇ അടക്കമുള്ള എട്ട് രാജ്യങ്ങളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ റിലീസ് ചെയ്തിട്ടില്ല. നിക്ഷേപകമ്പനിയായ വിസ് വെയേർസ് ആയിരുന്നു സിനിമയ്ക്കു വേണ്ടി പണമിറക്കിയിരുന്നത്. ഇതിനു മുൻപും വിസ് വെയേർസ് അനിൽ അംബാനിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നു വിവരം.

എന്നാൽ സിനിമ നിർമാണത്തിന് റാഫേൽ കരാറുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് ഒലോൻദ് പറഞ്ഞിരുന്നു. 2012 മേയ് മുതൽ 2017 മേയ് വരെയാണ് ഫ്രാൻസിന്റെ പ്രസിഡന്റ് പദവിയിൽ ഒലോൻദ് സേവനമനിഷ്ഠിച്ചത്. 2014 ജനുവരിയിലാണു ജൂലി ഗായറ്റുമായിയുള്ള ബന്ധം പരസ്യമാക്കിയത്.