Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാലിൽ‌ സത്യം പുറത്തുവരണം: കോൺഗ്രസിനെ 'പ്രതിരോധിക്കാൻ' നിര്‍മല സീതാരാമൻ

nirmala കേന്ദ്രമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിനെതിരായ കോൺഗ്രസ് നീക്കങ്ങൾക്കു മൂർച്ചകൂട്ടിയതോടെ മറുതന്ത്രവുമായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് ആരോപണങ്ങൾക്കു മറുപടി നൽകാനുള്ള ദേശീയതല പ്രചാരണത്തിനു ചുക്കാൻ പിടിക്കാൻ ഒരുക്കമാണെന്ന് അവര്‍ അറിയിച്ചു.

ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകും. കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ഉയർത്തുന്ന ആരോപണങ്ങൾക്കു രാജ്യാന്തര മാനമാണുള്ളത്. റഫാൽ വിഷയത്തിൽ സത്യം പുറത്തുകൊണ്ടുവരും –  പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം റഫാലിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര വിജിലന്‍സ് കമ്മിഷന് പരാതി നല്‍കി. സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. 

റഫാൽ വിഷയത്തിൽ സംശയത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് തന്നെ വിവാദങ്ങളിൽ വിശദീകരണം നല്‍കിയിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ‌ ഇനി സംശയങ്ങൾക്കു സ്ഥാനമില്ല– മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ഉന്നയിക്കാൻ ഒരു വിഷയവുമില്ല. അതിനാലാണ് റഫാൽ ഉയർത്തിക്കൊണ്ടുവരുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യയാണെന്ന് ഒലോൻദ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒലോൻദ് നിലപാടു മാറ്റി രംഗത്തെത്തുകയായിരുന്നു.