Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയില്‍ 5000 കോടിയുടെ തട്ടിപ്പ്: ഗുജറാത്ത് വ്യവസായി നൈജീരിയയ്ക്കു കടന്നു

Nitin-Sandesara നിതിൻ സന്ദേശര

ന്യൂഡൽഹി∙ ഇന്ത്യയില്‍ 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്നതിനിടെ മുങ്ങിയ ഗുജറാത്ത് വ്യവസായി നിതിൻ സന്ദേശര നൈജീരിയയ്ക്കു കടന്നതായി വിവരം. സന്ദേശര ദുബായിൽ പിടിയിലായതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

തുടർനടപടികൾ ദുബായിൽ പുരോഗമിക്കുകയാണെന്നും പ്രതിയെ വിട്ടുകിട്ടാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘവും വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് ആസ്ഥാനമായ സ്‌റ്റെര്‍ലിങ് ബയോടെക് എന്ന കമ്പനിയുടെ ഉടമയാണ് നിതിന്‍.

എന്നാൽ സന്ദേശരയും കുടുംബവും യുഎഇയിൽ ഇല്ലെന്നും നൈജീരിയയിലേക്കു കടന്നുവെന്നുമാണ് നിലവിലെ കണ്ടെത്തൽ. സഹോദരൻ ചേതൻ സന്ദേശര, സഹോദരഭാര്യ ദിപ്തിബെൻ സന്ദേശര എന്നിവരും നൈജീരിയയിൽ ഉള്ളതായാണു വിവരം. ഇവരെ വിട്ടുനൽകുന്നതിനായി ഇന്ത്യയും നൈജീരിയയും തമ്മിൽ യാതൊരുവിധ ഉടമ്പടികളുമില്ല. അതിനാൽ ഇവരെ നാട്ടിലേക്കു കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണു വിലയിരുത്തൽ.

ഓഗസ്റ്റ് രണ്ടാം ആഴ്ച സന്ദേശരയെ ദുബായ്‌യിൽ അറസ്റ്റു ചെയ്തതായുള്ള വിവരം തെറ്റാണെന്നും അദ്ദേഹവും കുടുംബവും അതിനു മുൻപു തന്നെ നൈജീരിയയിലേക്ക് രക്ഷപെട്ടെന്നും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാല്‍ അറസ്റ്റിന്റെ സാധ്യതകളെക്കുറിച്ച് ഒരിക്കൽകൂടി യുഎഇയോട് അന്വേഷിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഇവർക്കെതിരെ ഇന്റർപോളിന്റെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാനും ശ്രമം നടത്തുകയാണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചാണോ അതോ മറ്റെന്തെങ്കിലും രേഖകള്‍ ഉപയോഗിച്ചാണ് സന്ദേശര നാടുവിട്ടതെന്ന് അറിവായിട്ടില്ല.

ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്നു സ്റ്റെർലിങ് ബയോടെക്, വായ്പയെടുത്ത 5000 കോടിയിലേറെ രൂപ തിരിച്ചടച്ചില്ലെന്നാണു കേസ്. 2016 ഡിസംബർ 31ലെ കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കൺസോർഷ്യമാണു വായ്പ നൽകിയത്.

ഈ കേസുമായി ബന്ധപ്പെട്ടു ഡൽഹിയിലെ വ്യവസായി ഗഗൻ ധവാൻ, ആന്ധ്ര ബാങ്ക് മുൻ ഡയറക്ടർ അനൂപ് ഗാർഗ്, സ്റ്റെർലിങ് ബയോടെക് ഡയറക്ടർ രാജ്ഭൂഷൺ ദീക്ഷിത് എന്നിവരെ നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ അറസ്റ്റ് ചെയ്തിരുന്നു. നിതിനു പുറമെ കമ്പനി ഡയറക്ടർമാരായ ചേതൻ സന്ദേശര, ദീപ്തി ചേതൻ സന്ദേശര, രാജ്ഭൂഷൺ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ഹേമന്ത് ഹാത്തി തുടങ്ങിയവരെല്ലാം അന്വേഷണം നേരിടുകയാണ്.

വായ്പ ഉപയോഗിച്ചു വിദേശത്ത് ഉൾപ്പെടെ വസ്തുക്കൾ വാങ്ങുകയും സ്റ്റെർലിങ് കമ്പനിയുടെ തന്നെ ഓഹരികൾ വാങ്ങി വിപണി മൂല്യമുയർത്തുകയും ചെയ്തുവെന്നാണു കണ്ടെത്തിയത്. ആഡംബരക്കാറുകളും വസതികളും ആഭരണങ്ങളും വാങ്ങാനും തുക ചെലവഴിച്ചു. രാഷ്ട്രീയ ഉന്നതർക്കുവേണ്ടി കള്ളപ്പണം കടത്തിയെന്ന സൂചനയെത്തുടർന്നു കമ്പനി നടത്തിയ വിദേശത്തെ ബാങ്ക് ഇടപാടുകളും ആദായനികുതി ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

നാലായിരം ഏക്കർ ഭൂമി, ഫാക്ടറി, യന്ത്രസാമഗ്രികൾ, സ്റ്റെർലിങ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ 200 ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, ആഡംബരക്കാറുകൾ, മുംബൈ ജൂഹുവിലെ ആഡംബര വസതികൾ,  ഊട്ടിയിലെ ഫാക്ടറി തുടങ്ങിവയടക്കം 4700 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. കമ്പനി പണം നിക്ഷേപിച്ച നൈജീരിയയിലെ ഓയിൽ റിഗ്ഗുകൾ, ബാർജുകൾ എന്നിവ കണ്ടുകെട്ടുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ അവിടത്തെ സർക്കാരിന്റെ സഹായം തേടി.