Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തെ കേരളം നേരിട്ടതു കുറ്റമറ്റ രീതിയിലെന്നു കേന്ദ്രസംഘം; റിപ്പോർട്ട് ഒരാഴ്ചയ്ക്കകം

kerala-rain-floods

തിരുവനന്തപുരം ∙ പ്രളയത്തിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാരിനു സമർപ്പിക്കും. സംഘത്തലവനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷൽ സെക്രട്ടറിയുമായ ബി.ആർ. ശർമ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇക്കാര്യം അറിയിച്ചത്. ദുരിതം ബാധിച്ച പന്ത്രണ്ടു ജില്ലകളിലെയും സന്ദർശനത്തിനുശേഷം സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

പ്രതീക്ഷിക്കാതെ വന്ന മഹാപ്രളയത്തിൽപ്പെട്ട ജനത്തെ രക്ഷപ്പെടുത്താനും പുനഃരധിവസിപ്പിക്കാനും സംസ്ഥാന സർക്കാർ നടത്തിയ ദ്രുതഗതിയിലുള്ളതും കുറ്റമറ്റതുമായ പ്രവർത്തനങ്ങൾ അഭിനന്ദനീയമായിരുന്നുവെന്ന് ബി.ആർ. ശർമ പറഞ്ഞു. പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്കു തിരികെക്കൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനു സാധിച്ചു. ദുരിതാശ്വാസ ക്യാംപുകൾ സംബന്ധിച്ചും രക്ഷാപ്രവർത്തനം സംബന്ധിച്ചും ജനത്തിൽ നിന്ന് ഒരു പരാതിയും ഉണ്ടായില്ലെന്നത് അദ്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തു സംഭവിച്ച പ്രളയക്കെടുതികളുടെ രൂക്ഷത വിലയിരുത്താൻ നാലായി തിരിഞ്ഞാണ് കേന്ദ്രസംഘം വിവിധ ജില്ലകൾ സന്ദർശിച്ചത്. പ്രളയത്തിൽ തകർന്ന സ്ഥലങ്ങൾ നേരിൽക്കണ്ടും ജനത്തിൽ നിന്നു നേരിട്ടു വിവരങ്ങൾ ശേഖരിച്ചുമാണു പ്രളയത്തെ ഇവര്‍ വിലയിരുത്തിയത്.