Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയിൽ പരീക്കർ സർക്കാരിൽ അഴിച്ചുപണി; ചികിത്സയിലുള്ള രണ്ടു മന്ത്രിമാരെ മാറ്റി

Manohar Parrikar മനോഹർ പരീക്കർ.

പനജി∙ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയ്ക്കിടെ ഗോവ മന്ത്രിസഭയിൽ അഴിച്ചുപണി. ചികിത്സയിൽ കഴിയുന്ന രണ്ടു മന്ത്രിമാരെ മാറ്റിയാണു മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. നഗരവികസന മന്ത്രി ഫ്രാൻസിസ് ഡിസൂസ, വൈദ്യുതി മന്ത്രി പാണ്ഡുരംഗ് മധ്കൈകർ എന്നിവരെയാണു മാറ്റിയത്. ബിജെപി എംഎൽഎമാരായ മിലിന്ദ് നായിക്ക്, നിലേഷ് കബ്രാൾ എന്നിവർ പുതുതായി ചുമതലയേൽക്കും. ഗവർണർ മൃദുല സിൻഹയുടെ ഓഫിസിൽ വൈകിട്ടാണു സത്യപ്രതിജ്ഞ.

ഗോവയിൽ നേതൃമാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയായി പരീക്കർ തുടരുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണു മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. യുഎസിൽ മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം എയിംസിൽ കഴിയുന്ന 62കാരനായ പരീക്കർ, രണ്ടു മന്ത്രിമാരെ മാറ്റുന്നതിനു നിർദേശം നൽകിയെന്നു മുഖ്യമന്തിയുടെ ഓഫിസ് അറിയിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്നു ജൂൺ മുതൽ മധ്കൈകർ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ്. യുഎസിലെ ആശുപത്രിയിലാണു ഡിസൂസ.

ലക്ഷ്മികാന്ത് പർസേക്കർ കാബിനറ്റിൽ വൈദ്യുത മന്ത്രിയായിരുന്നു പുതുതായി ചുമതലയേൽക്കുന്ന മിലിന്ദ് നായിക്ക്. ആദ്യമായാണു നിലേഷ് കബ്രാൾ മന്ത്രിയാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരിൽ ചിലരും ദീർഘനാളായി ചികിത്സയിലായ പശ്ചാത്തലത്തിൽ‌, ഭരണസ്തംഭനമാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരിക്കുന്നതിനു കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചിരുന്നു. 40 അംഗ മന്ത്രിസഭയിൽ 16 എംഎൽഎമാരുള്ള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 14 സീറ്റ് മാത്രമുള്ള ബിജെപി മൂന്നുവീതം പ്രതിനിധികളുള്ള എംജിപി, ജിഎഫ്പി, ഒരംഗമുള്ള എൻസിപി, മൂന്നു സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണു ഭരിക്കുന്നത്.