Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിലാഷ് ടോമിയെ ന്യൂ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചു; വൈദ്യസഹായം നൽകി

Abhilash-Tomy അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് യാത്രയ്ക്കു മുന്‍പ്

പെർത്ത്∙ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി മൽസരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അകപ്പെട്ട മലയാളി സമുദ്രസഞ്ചാരി കമാന്‍ഡര്‍ അഭിലാഷ് ടോമിയെ (39) ന്യൂ ആംസ്റ്റർഡാം ദ്വീപിൽ എത്തിച്ചു. രാവിലെ 9.30 ഓടെയാണ് അഭിലാഷ് ടോമിയുമായുള്ള ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ദ്വീപിലെത്തിയത്. ഇവിടെ പ്രാഥമിക വൈദ്യസഹായവും അഭിലാഷിന് നൽകിയെന്ന് നാവികസേന അറിയിച്ചു. അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്‌ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്.

ആരോഗ്യസ്ഥിതി പരിശോധിച്ചശേഷമാകും അഭിലാഷ് ടോമിയെ ഓസ്ട്രേലിയയിലേക്കാണോ മൗറീഷ്യസിലേക്കാണോ കൊണ്ടുപോകേണ്ടതെന്നു തീരുമാനിക്കുക. 27ന് ഓസ്ട്രേലിയയുടെയും 29ന് ഇന്ത്യൻ നാവികസേനയുടെയും കപ്പലുകൾ ദ്വീപിലെത്തും. ഇവിടെ നിന്ന് എവിടേക്കാണ് അഭിലാഷിനെ മാറ്റേണ്ടത് എന്ന കാര്യത്തിൽ അതിനുശേഷമായിരിക്കും തീരുമാനമെടുക്കുക. അടിയന്തര വൈദ്യസേവനം ആവശ്യമുണ്ടെങ്കിൽ ഇന്ത്യൻ നാവികസേനയുടെ സത്പുര എത്താൻ കാത്തുനിൽക്കാതെ ഓസ്ട്രേലിയയിലേക്കു കൊണ്ടുപോകുമെന്നു ഗോൾഡൻ ഗ്ലോബ് സംഘാടകർ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെ കൊടുങ്കാറ്റിൽ ‘തുരീയ’ എന്ന പായ്‌വഞ്ചി തകർന്നാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. നടുവിനു പരുക്കുള്ളതിനാല്‍ സ്ട്രെച്ചറിൽ ചെറുബോട്ടിലേക്കു മാറ്റിയ ശേഷമാണ് കപ്പലിലെത്തിച്ചത്. കപ്പലിലെ ഡോക്ടർ പ്രഥമശുശ്രൂഷ നൽകി. ഒറ്റയ്ക്കു ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മൽസരത്തിൽ മൂന്നാമതായിരിക്കെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. സംഘാടകർ അയച്ച സന്ദേശങ്ങൾക്കു മറുപടി ലഭിക്കാതായതോടെ ആശങ്ക ഉടലെടുത്തിരുന്നു. പ്രതികൂല കാലാവസ്ഥയും വെല്ലുവിളി സൃഷ്ടിച്ചിരുന്നു.