Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ഇന്നും നാളെയും കനത്ത മഴ; 4 ജില്ലകളിൽ യെല്ലോ അലെർട്ട്

rain

തിരുവനന്തപുരം ∙ കേരളത്തിൽ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ 27 വരെ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 13 സെ.മീ. വരെ മഴ പെയ്യാനിടയുണ്ട്.

 ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടങ്ങൾക്കു ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടാൻ തയാറെടുപ്പുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

മഴ ശക്തമായി തുടർന്നാൽ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 30 സെന്റിമീറ്റർ വരെ ഉയർത്തുമെന്ന് അധികൃതർ സൂചന നൽകി. പറമ്പിക്കുളം അണക്കെട്ടിൽ രണ്ടും ആളിയാറിൽ അഞ്ചടിയും ജലനിരപ്പു താഴ്ത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ 5 മുതൽ 12 സെന്റിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂർ കൺട്രോൾ റൂമുകൾ തുറന്നു. 

ഇന്നലെ ശബരിമലയിൽ 9.3 സെന്റിമീറ്റർ മഴ പെയ്തു. ഡാമുകളിൽ പ്രത്യേക ജാഗ്രതാ നിർദേശമില്ല. 

ഇടുക്കിയിൽ പൊന്മുടി ജലസംഭരണിയിൽ നിന്ന് 25നു രാവിലെ 10 മുതൽ രണ്ടു ഷട്ടറുകൾ തുറന്നു സെക്കൻഡിൽ 45,000 ലീറ്റർ വെള്ളം മുതിരപ്പുഴയാറിലേക്കു തുറന്നുവിടുന്നതിനു ജില്ലാ കലക്ടർ കെഎസ്ഇബിക്ക് അനുമതി നൽകി. 

പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർക്ക് അതീവ ജാഗ്രതാനിർദേശം നൽകി.

15 മുതൽ പൊന്മുടി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു സെക്കൻഡിൽ 11,000 ലീറ്റർ ജലം മുതിരപ്പുഴയാറിലേക്ക് ഒഴുക്കുന്നുണ്ട്.

കാരാപ്പുഴ ഡാം ജലനിരപ്പ്, 758.05 മീറ്റർ (സംഭരണശേഷിയുടെ 82%) ആണ്. ഇതേസമയം, ബാണാസുരസാഗർ ഡാമിലെ ജലനിരപ്പ് 772.04 മീറ്റർ (സംഭരണശേഷിയുടെ 98%) ആണ്.

ഇടുക്കിയിൽ 12.2 മില്ലിമീറ്റർ മഴ

തൊടുപുഴ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2386.90 അടിയായി കുറഞ്ഞു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ വൃഷ്ടിപ്രദേശത്തു 12.2 മില്ലിമീറ്റർ മഴ ലഭിച്ചു. വെള്ളിയാഴ്ച രാവിലെ 2386.92 അടിയായിരുന്നു ജലനിരപ്പ്. സംഭരണിയിൽ ഇപ്പോൾ 81.59% വെള്ളമുണ്ട്.