Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭയ്ക്കെതിരായ അപവാദങ്ങൾ യുവാക്കളെ അകറ്റുന്നു: മാർപാപ്പ

Pope Francis ടാലിനിലെ ചാൾസ് ലൂഥറൻ പള്ളിയിൽ ഫ്രാൻസിസ് മാർപാപ്പ യുവാക്കളെ അഭിസംബോധന ചെയ്യുന്നു.

ടാലിൻ (എസ്റ്റോണിയ) ∙ സഭയ്ക്കെതിരെ ഉയരുന്ന അപവാദങ്ങൾ യുവാക്കളെ സഭയിൽ നിന്ന് അകറ്റുന്നതായി ഫ്രാൻസിസ് മാർപാപ്പ. ലൈംഗിക, സാമ്പത്തിക വിഷയങ്ങളിലുള്ള അപവാദങ്ങളെ അപലപിക്കാത്തതില്‍ യുവാക്കൾ അസ്വസ്ഥരാണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

ഭാവി തലമുറയെ ഒപ്പം നിർത്തണമെങ്കിൽ സഭയുടെ നിലപാടുകൾ മാറണം. സാമ്പത്തിക അപവാദങ്ങളെ ശക്തമായി അപലപിക്കാന്‍ സഭ തയ്യാറാകാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. പരാതികളോടു സുതാര്യമായും സത്യസന്ധമായും പ്രതികരിക്കണം– എസ്റ്റോണിയയില്‍ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘ഞങ്ങൾക്കറിയാം – നിങ്ങൾ പറഞ്ഞതു പോലെ – യുവാക്കളിൽ പലരും ഞങ്ങളിൽ നിന്ന് അകലുന്നത് ഞങ്ങൾക്ക് അർഥവത്തായൊന്നും അവരോട് സംവദിക്കാനാവുന്നില്ല എന്നതിനാലാണ്. ഇന്നിന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ സഭയ്ക്കാവുന്നില്ലെന്ന യുവാക്കളുടെ ആശങ്ക മനസിലാക്കുന്നു.’’ – മാർപാപ്പ പറഞ്ഞു.

‘‘പരിവർത്തനത്തിന് വിധേയരാവേണ്ടത് ഞങ്ങൾ തന്നെയാണ്. നിങ്ങളുടെ പക്ഷത്തു നിലകൊള്ളാൻ ഞങ്ങളുടെ ഭാഗത്ത് മാറ്റങ്ങളുണ്ടാകേണ്ടതുണ്ട് എന്നത് മനസിലാക്കുന്നു.’’ – മാർപാപ്പ വ്യക്തമാക്കി. എസ്റ്റോണിയയിലെ 13 ലക്ഷം ജനതയിൽ മൂന്നിൽ രണ്ടും മതവിശ്വാസത്തിൽ നിന്ന് അകലുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാർപാപ്പയുടെ സന്ദർശനം. മതവിശ്വാസികളിൽ ഏറെയും ലൂഥറൻ, റഷ്യൻ ഓർത്തഡോക്സ് സഭകളിലാണുള്ളത്.

1946 മുതല്‍ 2014 വരെയുള്ള കാലയളവിൽ വൈദികര്‍ 3677 പേരെ ലൈംഗികമായി ദുരുപയോഗിച്ചെന്ന ജര്‍മനി ബിഷപ്സ് കോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് മാര്‍പാപ്പയുടെ പ്രതികരണം.